2022, ജൂലൈ 16, ശനിയാഴ്‌ച

മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

വാഹനങ്ങള്‍ സൂക്ഷിച്ചുപയോ​ഗിക്കുന്ന കാര്യത്തിലും സുരക്ഷിതരായി യാത്ര ചെയ്യേണ്ട കാര്യത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണ് മഴക്കാലം.ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ ഉള്ളവര്‍ മഴക്കാലത്ത് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതേക്കുറിച്ച്‌ വിശദമായി അറിയാം.

ടയര്‍ തിരഞ്ഞെടുക്കുമ്പോൾ 

റോഡിനെയും വാഹനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ചക്രങ്ങളാണ്. ഓരോ ടയറുകളുടെയും പാറ്റേണും ത്രെഡുമൊക്കെ വ്യത്യസ്തമായിരിക്കും. അഡ്വഞ്ചര്‍ വാഹനങ്ങളുടെ ടയറുകള്‍ പോലെ ആയിരിക്കില്ല സാധാരണ വാഹനങ്ങളുടേത്.‌ നനഞ്ഞ പ്രതലങ്ങളിലൂടെ സു​ഗമമായ യാത്ര സാധ്യമാക്കുന്ന തരത്തിലുള്ള ടയറുകളുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മഴക്കാലമൊന്നും ഉണ്ടാകാറില്ല. വേനലും മഴയുമൊക്കെ ചേര്‍ന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. അതിനാല്‍ മഴക്കാലത്തേക്കു മാത്രമായി ഉപയോ​ഗിക്കാന്‍ കഴിയുന്ന ടയറുകള്‍ വാങ്ങണമെന്നില്ല. പകരം വരണ്ടതും നനഞ്ഞതുമായ കാലാവസ്ഥകളില്‍ ഒരുപോലെ ഓടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ടയര്‍ തിരഞ്ഞെടുക്കാം. ‌മഴക്കാലത്തേക്കു മാത്രമായി ഉപയോ​ഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ടയറുകള്‍ വേണമെന്നുള്ളവര്‍ക്ക് അതു വാങ്ങാം. അത്തരക്കാര്‍ മഴക്കാലം ആരംഭിക്കുമ്ബോള്‍ തന്നെ ടയര്‍ മാറ്റുക. ടയറിലെ വ്യത്യസ്‌ത തരത്തിലുള്ള ട്രെഡുകളും പാറ്റേണുകളും ശ്രദ്ധിക്കുകയും അവയുടെ വ്യത്യാസം മനസിലാക്കി നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും ചെയ്യുക.

സുരക്ഷാ സാമ​ഗ്രികള്‍ വാങ്ങുക. നനയാതിരിക്കാന്‍ റെയിന്‍ കോട്ട് ഉപയോ​ഗിക്കുക

നിങ്ങള്‍ എത്ര നല്ല റൈഡറാണെങ്കിലും നിങ്ങള്‍ക്ക് എത്രത്തോളം നല്ല വാഹനം ഉണ്ടെങ്കിലും സ്വയം സുരക്ഷക്കായി ഹെല്‍മെറ്റ്, ജാക്കറ്റ്, ഹാന്‍‍‍ഡ് ​ഗ്ലൗസ് പോലുള്ള സുരക്ഷാ സാമ​ഗ്രികള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ഏതു കാലാവസ്ഥയിലും വേണം. എന്നാല്‍ മഴക്കാലത്ത് റൈഡിങ്ങ് ജാക്കറ്റ് നനയുകയും വെള്ളം കയറുകയും ചെയ്യുന്നത് പലര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. ഇതു മറികടക്കാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ മികച്ച വാട്ടര്‍പ്രൂഫ് മഴക്കോട്ടുകള്‍ വാങ്ങാം.

ഓഫീസാവശ്യങ്ങള്‍ക്കും മറ്റും വീട്ടില്‍ നിന്നും സ്ഥിരം യാത്ര ചെയ്യുന്നവരാണെങ്കില്‍ ഒരു റെയിന്‍കോട്ട് ഓഫീസിലും ഒന്ന് വീട്ടിലും സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം പ്രതീക്ഷിക്കാത്ത സമയമായിരിക്കും പലപ്പോഴും മഴ പെയ്യുക. മിക്ക ഇരുചക്ര വാഹനങ്ങളിലും ഇത്തരം സാധനങ്ങളൊക്കെ സൂക്ഷിക്കാന്‍ സ്ഥലമുണ്ടാകും. അവിടെയും റെയിന്‍ കോട്ട് വെയ്ക്കാവുന്നതാണ്.

മഴ പെയ്ത് തുടങ്ങുമ്പോൾ  കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക

മഴ പെയ്തു തുടങ്ങുമ്പോൾ  വെള്ളവും റോഡിലെ ഓയിലും ചേര്‍ന്ന് മിക്ക റോഡുകളിലും തെന്നല്‍‌ കൂടുതലായിരിക്കും. അതിനാല്‍ മഴ പെയ്യാനാരംഭിക്കുമ്പോൾ  തന്നെ അടുത്തുള്ള ഏതെങ്കിലും കടയിലോ ബസ്‍‌ സ്റ്റോപ്പിലോ അല്‍പ സമയത്തേക്ക് കയറി നില്‍ക്കുക. അല്‍പനേരം കഴിഞ്ഞ് കുറേ വെള്ളം ഒഴുകിപ്പോയതിനു ശേഷം മാത്രം യാത്ര തുടരുന്നതാണ് നല്ലത്. ചിലപ്പോള്‍ മഴ പെയ്ത് കുറേ നേരം കഴിഞ്ഞാല്‍ പോലും റോഡില്‍ മഴവില്‍ നിറത്തില്‍ ഓയില്‍ കിടക്കുന്നത് പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ പേടിക്കേണ്ടതില്ല. വേ​ഗത കുറച്ച്‌ സാവധാനം വണ്ടി ഓടിക്കുക.

0 comments: