2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

നിയമപഠനത്തിന് 'ക്ലാറ്റ്-2023': ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 13വരെ

 

ദേശീയ നിയമ സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്-2023) രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 2022 ഡിസംബര്‍ 18ന് ഉച്ചക്കുശേഷം രണ്ടു മുതല്‍ നാലുവരെ നടക്കും.അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 13വരെ സ്വീകരിക്കും.

കൊച്ചി ന്യൂവാല്‍സ്, ബംഗളൂരു നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ഉള്‍പ്പെടെ 22 ദേശീയ നിയമ സര്‍വകലാശാലകളിലാണ് 'ക്ലാറ്റ്-2023' റാങ്കടിസ്ഥാനത്തില്‍ പ്രവേശനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.consortiumofnlus.ac.inല്‍. അപേക്ഷാഫീസ് 4000 രൂപ. എസ്.സി/എസ്.ടി/ബി.പി.എല്‍ വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 3500 രൂപ മതി. അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമബിരുദ കോഴ്സുകളിലേക്ക് 'ക്ലാറ്റ്-യു.ജി'യില്‍ യോഗ്യത നേടണം.

45 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. 2023 മാര്‍ച്ച്‌/ഏപ്രില്‍ മാസത്തില്‍ പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'യു.ജി-ക്ലാറ്റ് 2023'ല്‍ ഇംഗ്ലീഷ് ലാംഗ്വേജ് കറന്റ് അഫയേഴ്സ്, ലീഗല്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് എന്നിവയില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 150 ചോദ്യങ്ങളുണ്ടാവും.

ഏകവര്‍ഷ എല്‍എല്‍.എം പ്രവേശനത്തിന് 'പി.ജി-ക്ലാറ്റ് 2023'ല്‍ യോഗ്യത നേടണം. 50 ശതമാനം മാര്‍ക്കോടെ എല്‍എല്‍.ബി/തത്തുല്യ ബിരുദമെടുത്തവര്‍ക്കും 2023 ഏപ്രില്‍/മേയ് മാസത്തില്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി-എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

0 comments: