2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

'ഹര്‍ ഘര്‍ തിരംഗ' നാളെ മുതല്‍ വീടുകളില്‍ ; ദേശീയ പതാക രാത്രി താഴ്‌ത്തേണ്ടതില്ല , സര്‍ക്കാര്‍ ജീവനക്കാര്‍ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തണം

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്‌ക്കു നാളെ തുടക്കമാകും.നാളെ മുതല്‍ 15 വരെ സംസ്‌ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്‌ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്‌ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, സ്വകാര്യ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ അവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ്‌ സെക്രട്ടറി ഡോ.വി.പി. ജോയി അഭ്യര്‍ഥിച്ചു.

ഫ്‌ളാഗ്‌ കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടത്‌. കോട്ടണ്‍, പോളിസ്‌റ്റര്‍, കമ്പി ളി, സില്‍ക്ക്‌, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂല്‍ക്കുന്നതോ നെയ്‌തതോ മെഷീനില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം. ദേശീയ പതാക ദീര്‍ഘ ചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. എന്നാല്‍ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. പതാക പ്രദര്‍ശിപ്പിക്കുമ്പോ ഴെല്ലാം ആദരവോടെയും വ്യക്‌തതയോടെയുമാകണം സ്‌ഥാപിക്കേണ്ടത്‌. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പം ഒരേ സമയം ഒരു കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.

തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കരുത്‌. തോരണം, റോസെറ്റ്‌ തുടങ്ങിയ അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്‌. പതാക തറയിലോ നിലത്തോ തൊടാന്‍ അനുവദിക്കരുത്‌. പതാകയില്‍ എഴുത്തുകള്‍ പാടില്ല. കെട്ടിടങ്ങളുടെ മുന്‍വശത്തോ ജനല്‍പ്പാളിയിലോ ബാല്‍ക്കണിയിലോ തിരശ്‌ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്ബോള്‍ സാഫ്‌റോണ്‍ ബാന്‍ഡ്‌ ദണ്ഡിന്റെ അറ്റത്ത്‌ വരത്തക്കവിധമാണ്‌ കെട്ടേണ്ടത്‌. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്‌ളാഗ്‌ കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്‌ട വ്യക്‌തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയര്‍ത്താന്‍ പാടില്ല. മറ്റേതെങ്കിലും പതാക ദേശീയ പതാകയ്‌ക്കു മുകളിലായോ അരികിലോ സ്‌ഥാപിക്കരുതെന്നും ഫ്‌ളാഗ്‌ കോഡില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലാതലങ്ങളില്‍ പരിപാടിയുടെ ഏകോപനവും മേല്‍നോട്ടവും ജില്ലാ കലക്‌ടര്‍മാര്‍ നിര്‍വഹിക്കണമെന്നും ചീഫ്‌ സെക്രട്ടറി നിര്‍ദേശിച്ചു. വിവിധ പോസ്‌റ്റ്‌ ഓഫീസുകളില്‍ 25 രൂപ നിരക്കില്‍ ദേശീയ പതാക ലഭിക്കും. ഇ-പോസ്‌റ്റ്‌ ഓഫീസ്‌ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായും വാങ്ങാം.

0 comments: