2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല. വ്യൂ വൺസ് മെസെജുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിലെ ഈ ഫീച്ചർ പലരും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെ തുടർന്നാണ് അപ്ഡേഷൻ.

വ്യൂ വൺസ് മെസെജുകളിലെ സ്‌ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്.ആദ്യം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം കോൺടാക്റ്റിൽ ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തത്. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സ്ആപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.


0 comments: