2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് കാനറാ ബാങ്ക് വായ്പാ മേള ഈ ജില്ലകളിൽപ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) ഭാഗമായിട്ടാണ് വായ്പ മേള. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്‌സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ നല്‍കാം.

ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെയുളള വായ്പകള്‍ക്കാണ് അവസരമുളളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാനറാ ബാങ്കിന്റെ ജില്ലാ റീജണല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് വായ്പ മേള നടക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ 

ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1970 കളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തിയ മധ്യേഷ്യയില്‍ അതിനനുസൃതമായി ഉണ്ടായ മനുഷ്യവിഭവശേഷി സാധ്യതകള്‍ മലയാളികള്‍ക്ക് മുതലെടുക്കാനായി. അങ്ങനെ ഗള്‍ഫിലേയ്ക്ക് കുടിയേറിയ രണ്ടാംഘട്ട പ്രവാസി സമൂഹം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചു. കേരളത്തിന് ഇന്നുളള അഭിവൃദ്ധിയുടെ തണല്‍ കിട്ടിയത് പ്രവാസികളുടെ വെയിലനുഭവങ്ങളാണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. 

എന്നാല്‍ ഈ സാമ്പത്തിക ശാക്തീകരണം എങ്ങനെ കേരളത്തിന്റെ വികസനത്തിനു ഉപയോഗിക്കണമെന്നതില്‍ ഫലപ്രദമായ ആസൂത്രണമില്ലായ്മ സംഭവിച്ചിട്ടുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യുന്നതിനാണ് സര്‍ക്കാറും നോര്‍ക്കയും ശ്രമിക്കുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. എത്ര പേര്‍ വന്നാലും ലോണ്‍ നല്‍കുമെന്ന് തീരുമാനിച്ച ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവാസികള്‍ക്ക് പുതിയ മേഖലകളിലേയ്ക്ക് കടന്നുചെല്ലാന്‍ സഹായകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുളള വായ്പാ വിതരണവും പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്സിന്റെ  പ്രവാസി പുനരധിവാസ പദ്ധതിയായ എന്‍.ഡി. പി. ആര്‍ ഇ എം പദ്ധതി വഴിയാണ് വായ്പകള്‍ . സൊസൈറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത 16 പേരില്‍ നിന്നും 11 പേര്‍ക്കായി ആകെ 76 ലക്ഷം രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. ബാക്കിയുളളവര്‍ക്കും വരും ദിവസങ്ങളില്‍ വായ്പ ലഭ്യമാക്കും. കേരളത്തിലെ 6000 ത്തോളം ബാങ്കിങ്ങ് ശാഖകള്‍ വഴി എന്‍.ഡി.പി.ആര്‍.ഇ.എം സേവനങ്ങള്‍ ലഭ്യമാണ്. 

0 comments: