ഇതുവരെ അനുഭവിച്ച ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളില്‍ എന്ത് മാറ്റമാണ് 5 ജി.കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് രാജ്യം.5ജി.സ്പെക്‌ട്രത്തിന്റെ ലേലം കൂടി കഴിഞ്ഞതോടെ അത് ഉടന്‍ എത്തുമെന്നുറപ്പായി. ഈ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയില്‍ 5 ജി. സേവനം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കും. ലേലത്തിന്റെ രീതി നോക്കിയാല്‍ 5ജി സേവനത്തില്‍ മുന്നില്‍ ഇറങ്ങുക റിലയന്‍സ് ജിയോ ആയിരിക്കും. തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെലും വൊഡാഫോണ്‍ ഐഡിയയും അദാനി എന്റര്‍പ്രൈസസും രംഗത്തുണ്ട്. 2ജി, 3ജി, 4ജി, 5ജി എന്നിവയെല്ലാം മൊബൈല്‍ ഫോണുകളുടെ സേവനവുമായി ബന്ധപ്പെട്ട വിവരവിനിമയത്തിന്റെ വികസനതലമുറകളെ സൂചിപ്പിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം.
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ആദ്യമായെത്തിയത് 1995 ജൂലായ് 31 നായിരുന്നു. കൊല്‍ക്കത്തയിലെ റൈറ്റേഴ്സ് ബില്‍ഡിങ്ങിലിരുന്ന് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്രവാര്‍ത്തവിനിമയ മന്ത്രി സുഖ് റാമിനെ നോക്കിയ ഫോണിലൂടെ വിളിച്ചുകൊണ്ടായിരുന്നു ആ രംഗപ്രവേശം. മോദി ടെല്‍സ്ട്ര ആയിരുന്നു രാജ്യത്തെ ആദ്യ മൊബൈല്‍ സേവനദാതാവ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിളിക്ക് ഒരേ നിരക്കായിരുന്നു അന്ന്. മിനിറ്റിന് 24രൂപ. 2003 മുതല്‍ ഇന്‍കമിങ്ങ് കോള്‍ പൂര്‍ണമായും സൗജന്യമായി. ഇത് 2ജി.ഫോണുകളുടെ കഥ. ഇതെല്ലാം സംഭാഷണങ്ങള്‍ക്കും ചെറിയ മെസേജുകള്‍ക്കും മാത്രമുള്ള ഫോണുകളായിരുന്നെങ്കില്‍ 2010ല്‍ 3ജി. വന്നതോടെ കഥ മാറി. പിന്നീടിങ്ങോട്ട് ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും കൈപിടിയ്‌ക്കുള്ളിലേക്ക് തല്‍സമയമെത്തുന്ന അവസ്ഥയിലേക്കായി വളര്‍ച്ച. മള്‍ട്ടിമീഡിയ മെസേജുകള്‍, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവ മൊബൈല്‍ ഫോണിലെത്തി. 2012ല്‍ 4 ജി.കൂടി എത്തിയതോടെ രൂപവും ഭാവവും സൗകര്യങ്ങളും അപ്പാടെ മാറി. വാട്സ് ആപ്പും ടി.വി.ചാനലുകളും വര്‍ക്ക് സ്റ്റേഷനുകളും എല്ലാം മൊബൈല്‍ ഫോണിലേക്കെത്തി.
1998ല്‍ ഇന്ത്യയില്‍ എട്ട് ലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നെങ്കില്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം അത് 116.9 കോടിയിലെത്തിയിരിക്കുന്നു. ആഗോളതലത്തില്‍ മൊബൈല്‍ ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓരോ നൂറ് പേരിലും 91ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് കണക്ക്.
ഇവര്‍ക്കിടയിലേക്ക് കടന്നുവരുന്ന 5ജി ജീവിതവേഗം കൂട്ടും. ഇത്രയും നാള്‍ ഒരു സെക്കന്‍ഡില്‍ എത്ര മെഗാബൈറ്റ് ഡാറ്റ അയയ്‌ക്കാനാകുമെന്നാണ് കണക്കിലെടുത്തിരുന്നത് . 5ജിയിലെത്തുമ്ബോള്‍ ഒരു സെക്കന്‍ഡില്‍ എത്ര ജിഗാബൈറ്റ്സ് ഡാറ്റ അയയ്‌ക്കാനാകുമെന്നാകും കണക്ക്.1000 മെഗാ ബൈറ്റ്സാണ് ഒരു ജിഗാ ബൈറ്റ്സ് എന്നറിയണം. അപ്പോള്‍ ഇതുണ്ടാക്കുന്ന മാറ്റം ആലോചിക്കാവുന്നതേയുള്ളൂ. 5ജി വരുന്നതോടെ വിവര കൈമാറ്റത്തിന് വേഗം വര്‍ദ്ധിക്കും. ആളുകള്‍ തമ്മിലും,യന്ത്രങ്ങള്‍ തമ്മിലും ആളുകളും യന്ത്രങ്ങളും തമ്മിലുമുള്ള വിവരകൈമാറ്റം ഇന്നുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തിലാകും.
തിരക്കേറുന്ന വൈകുന്നേരങ്ങളിലും ഗ്രാമങ്ങളിലും നേരിടാറുള്ള നെറ്റ് വര്‍ക്ക് ഞെരുക്കം ഇല്ലാതാക്കുന്ന ശക്തമായ വലിയ ബാന്‍ഡ് വിഡ്ത്തും നെറ്റ് വര്‍ക്ക് കപ്പാസിറ്റിയുമാണ് 5ജിയുടേത്. ഒരു വിവരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്താനുള്ള കാലതാമസം കുറയ്ക്കുകയും ചെയ്യും. അതായത് 4ജിയില്‍ ഒരു വിവരം എത്തിക്കുന്നതിന്റെ വേഗത 200മില്ലി സെക്കന്‍ഡ് ആയിരുന്നെങ്കില്‍ 5ജിയില്‍ ഒരു മില്ലിസെക്കന്‍ഡായി ചുരുങ്ങും. ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശമാണ് ഒരു മില്ലി സെക്കന്‍ഡ് എന്നോര്‍ക്കണം.
ത്രി ജിയില്‍നിന്നും 4 ജിയിലേക്ക് മാറിയപ്പോള്‍ ജീവിതരീതിയിലുണ്ടായ മാറ്റം നാം അനുഭവിച്ചതാണ്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ഓണ്‍ലൈനായ ഭക്ഷണ - സാധന വിതരണ സേവനങ്ങള്‍, ഓണ്‍ലൈനായ സര്‍ക്കാര്‍ സേവനങ്ങള്‍, ഓണ്‍ലൈനായി മാറിയ ബാങ്കിങ്, പണമിടപാടുകള്‍, വാട്‌സ് ആപ്പ് പോലുള്ള സേവനങ്ങളില്‍ അതിവേഗമുള്ള ആശയവിനിമയങ്ങള്‍, വീഡിയോ സ്ട്രീമിങ് അടിസ്ഥാനമാക്കിയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും ടിക് ടോക്ക് പോലുള്ള സോഷ്യല്‍മീഡിയാ സേവനങ്ങളുടേയും വരവ്, ഓണ്‍ലൈന്‍ ഉള്ളടക്ക നിര്‍മ്മാണരംഗത്തേക്ക് വ്‌ളോഗിംഗിലും ടിക് ടോക്ക് വീഡിയോകളിലും സാധാരണക്കാരുടെ വരവ് എന്നിങ്ങനെ പലതരം മാറ്റങ്ങള്‍. മധ്യവയസ്‌കരും വന്‍തോതില്‍ ഡിജിറ്റല്‍ സേവനങ്ങളിലേക്ക് പ്രവേശിച്ചത് 4 ജിയുടെ വരവിന് പിന്നാലെയാണ്.
5ജി വരുമ്പോൾ എന്താകും ?
5ജി വരുമ്പോൾ കൂടുതല്‍ മാറ്റങ്ങളുണ്ടാകുന്ന മേഖല ആരോഗ്യം,വിനോദം, സാമ്ബത്തിക സേവനങ്ങള്‍ എന്നിവയിലായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനെല്ലാം അനുയോജ്യമായ മൊബൈല്‍,കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളുണ്ടാകും. ഉദാഹരണത്തിന് 4ജിയില്‍ താരമായിരുന്ന ഫേസ് ബുക്കിന് ഇപ്പോള്‍ പ്രിയം കുറഞ്ഞു. അത് മെറ്റവേഴ്സിന് വഴിമാറാന്‍ തയ്യാറെടുത്തു. മെറ്റാവേഴ്സാണ് ഭാവി ഇന്റര്‍നെറ്റ് എന്നാണ് മെറ്റ പ്ലാറ്റ്‌ഫോംസ് മേധാവിയും ഫെയ്സ്ബുക്ക് സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്. മെറ്റാവേഴ്സ് സാങ്കേതികവിദ്യകളുടെ അടിസ്ഥാനം ഓഗ്‌മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും എല്ലാമാണ്. സിനിമ,ഗെയിമിങ്, സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്സ് ഉള്‍പ്പടെയുള്ള മേഖലകളിലെല്ലാം മെറ്റാവേഴ്സ് സാങ്കേതിക വിദ്യകളെ സംയോജിപ്പിക്കാനാകും എന്നതിന്റെ മാതൃകകള്‍ ഇതിനകം പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്ന് വിളിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള ശൃംഖല, സെല്‍ഫ് ഡ്രൈവിങ് കാറുകള്‍,സ്മാര്‍ട്ട് സാങ്കേതിക വിദ്യകളോടു കൂടിയുള്ള സ്മാര്‍ട്ട് കെട്ടിടങ്ങള്‍, ഓഗ്‌മെന്റഡ് റിയാലിറ്റി /വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍,അള്‍ട്രാ എച്ച്‌ഡി ലൈവ് സ്ട്രീമിങ് ഉള്‍പ്പടെയുള്ള അത്തരം സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് 5ജി വലിയ രീതിയില്‍ പ്രയോജനപ്പെടും. മനുഷ്യര്‍ ഉപകരണങ്ങളെക്കൊണ്ട് കാര്യങ്ങള്‍ സാധിക്കും. തെരുവുകളില്‍ ആളനക്കം കുറഞ്ഞാലും അത്ഭുതപ്പെടേണ്ട. സിനിമാ റിലീസിംഗ് മൊബൈല്‍ ഫോണിലാകും. ശസ്ത്രക്രിയകള്‍ എവിടെയിരുന്നും ചെയ്യാം. ഹൈ ഡെഫനിഷന്‍ (എച്ച്‌ഡി) വീഡിയോ സ്ട്രീമിങ് സാധാരണമാകുന്ന നിലയിലേക്ക് 5 ജിയിലൂടെ വിനോദസേവനങ്ങള്‍ എത്തിച്ചേരും.
ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയുടെയെല്ലാം വേഗവും ഗുണമേന്മയും വര്‍ദ്ധിക്കും. ഇതോടൊപ്പം, അതിവേഗത്തില്‍ ലളിതമായ പണമിടപാട് രീതികള്‍ വന്നേക്കും. ഇതിന്റെ പരിണിതഫലമായി പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍, സേവനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍, പുതിയ നിര്‍മാണരീതികള്‍, ആരോഗ്യപരിപാലന/രോഗചികിത്സാ രംഗത്ത് ഉപയോഗിക്കാവുന്ന പുതിയ ഉപകരണങ്ങള്‍, ഉള്‍പ്പടെയുള്ളവ രംഗപ്രവേശം ചെയ്യുന്നതിനും അവസരമൊരുങ്ങും.
ഉള്ളം കയ്യിലേക്ക് എന്നുവരും 5ജി ?
ലേലം പൂര്‍ത്തിയായതിനാല്‍ 5ജി.സേവനം ഉടന്‍ തുടങ്ങുമെന്ന് അര്‍ത്ഥമില്ല. കിട്ടിയ സ്പെക്‌ട്രം വിനിയോഗിച്ച് സേവനം നടത്താന്‍ കമ്ബനികള്‍ക്ക് ഒരുങ്ങാന്‍ സമയം വേണ്ടിവരും. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടിവരും.ആഗസ്റ്റ് 15ന് സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചാല്‍ത്തന്നെ രണ്ടുമാസമെങ്കിലും കഴിഞ്ഞുമാത്രമേ സേവനങ്ങള്‍ തുടങ്ങുകയുള്ളൂ എന്നാണ് കമ്ബനികള്‍ നല്‍കുന്ന സൂചന. ഡിസംബറോടെ പ്രമുഖനഗരങ്ങളിലെങ്കിലും 5ജി.സേവനം ലഭ്യമായേക്കും.
5ജി ഫോണുകളെ എങ്ങനെ അറിയാം ?
ഈ വര്‍ഷം ആഗസ്റ്റിന് മുമ്ബ് ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ 5ജി.സേവനമുണ്ടെന്ന് പറഞ്ഞാലും അത് പൂര്‍ണമായി ശരിയാകണമെന്നില്ല. അതിനാല്‍ അതിലെ ചിപ്പ്സെറ്റും ബാറ്ററിയും ശ്രദ്ധിക്കണം. അതില്ലെങ്കില്‍ അപ്ഡേറ്റഡ് മോഡലിലേക്ക് മാറണം.
5ജി.സേവനം ലഭ്യമായിട്ടുള്ള ഫോണുകള്‍ അറിയാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നല്ല ബാറ്ററി സപ്പോര്‍ട്ടുള്ള ഫോണുകളായിരിക്കണം. കുറഞ്ഞത് 5000 എം.എ.എച്ച് ബാറ്ററിയെങ്കിലും വേണ്ടിവരും. രണ്ടാമത്തത് ചിപ്സെറ്റാണ്. അത് 5 ജി.മോഡത്തെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കണം. അതായത് സ്നാപ്പ്ഡ്രാഗണിന്റെ 680,720ജി,860, പതിപ്പുകളോ, മീഡിയ ടെക്കിന്റെ ഹിലിയോ.ജി.96 പോലുള്ളവ ആയിരിക്കണം. 25000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഫോണുകളാണെങ്കില്‍ ഇത്തരം ചിപ്സെറ്റുകളായിരിക്കും ഉണ്ടായിരിക്കുക. അതിന് താഴെ വിലയുള്ള ഫോണുകള്‍ വാങ്ങുമ്ബോള്‍ ചിപ്സെറ്റ് മോഡല്‍ ശ്രദ്ധിക്കണം. പിന്നത്തേക്ക് മോഡലുകളാണ്. ഐഫോണ്‍ 11ന് ശേഷമുള്ള ഫോണുകള്‍ മാത്രമേ 5 ജി ഉപയോഗിക്കാന്‍ കഴിയൂ.
0 comments: