2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ കൂടി

 

പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ധന.കഴിഞ്ഞ വര്‍ഷം 47,629 പേര്‍ മാത്രമായിരുന്നു റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതെങ്കില്‍ ഇത്തവണയിത് 3229 പേര്‍ വര്‍ധിച്ച്‌ 50,858 ആയി. റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനക്ക് വഴിയൊരുക്കും.ഈ വര്‍ഷം 77,005 പേര്‍ പരീക്ഷയെഴുതിയതില്‍ 58,570 പേര്‍ രണ്ട് പേപ്പറുകളിലും മിനിമം സ്കോറായ 10 വീതം നേടി യോഗ്യത പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവരില്‍ പ്ലസ് ടു പരീക്ഷയിലെ മാര്‍ക്ക് സമര്‍പ്പിച്ച്‌ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 50,858 പേരാണ്.

പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടും 7712 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചില്ല. പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് പുറമെ, പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയില്‍ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം നിശ്ചിത ശതമാനം മാര്‍ക്ക് നേടാത്തവരെയും റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. കഴിഞ്ഞ വര്‍ഷം 73,977 പേര്‍ പരീക്ഷയെഴുതിയതില്‍ 51,031 പേരാണ് യോഗ്യത നേടിയത്.പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിച്ച്‌ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 47,629 പേര്‍. യോഗ്യത നേടിയിട്ടും റാങ്ക് പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ 3402 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ സംസ്ഥാന സിലബസില്‍ പഠിച്ച്‌ ആദ്യ 5000 റാങ്കില്‍ ഇടംപിടിച്ചവരുടെ എണ്ണവും ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2112 പേരുണ്ടായിരുന്നത് ഇത്തവണ 2215 ആയി.

കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ സിലബസില്‍ പഠിച്ചവര്‍ ആദ്യ 5000 റാങ്കില്‍ 2602 പേരുണ്ടായിരുന്നത് ഇത്തവണ 2568 ആയി കുറഞ്ഞു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 2020ല്‍ ആയിരുന്നു. 71,742 പേര്‍ പരീക്ഷയെഴുതിയതില്‍ 56,599 പേര്‍ യോഗ്യത നേടുകയും 53,236 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

0 comments: