യുക്രെയ്നില്‍ നിന്ന് മടങ്ങേണ്ടിവന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ലോകത്ത് എവിടെയുമുള്ള കോളജുകളിലേക്ക് മാറി പഠനം തുടരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കമീഷന്‍റെ അനുമതി.കോഴ്സിന്‍റെ ഇടക്ക് പഠിക്കുന്ന രാജ്യം മാറാന്‍ വിദേശത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ യുക്രെയ്നില്‍ പഠിക്കുന്നവര്‍ അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം തെരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നാഷനല്‍ മെഡിക്കല്‍ കമീഷന്‍ വ്യക്തമാക്കി. എന്നാല്‍ 2002ലെ മറ്റെല്ലാ സ്ക്രീനിങ് ടെസ്റ്റ് നിയന്ത്രണ-മാനദണ്ഡങ്ങളും പൂര്‍ത്തീകരിക്കണം.
ഒരേ വിദേശ മെഡിക്കല്‍ സ്ഥാപനത്തില്‍ തന്നെ കോഴ്സ്, പരിശീലനം, ഇന്‍റേണ്‍ഷിപ് എന്നിവ പൂര്‍ത്തിയാക്കണമെന്നാണ് ഇതുവരെയുള്ള ചട്ടം. വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് യുക്രെയ്ന്‍ മുന്നോട്ടുവെച്ച അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം കമീഷന്‍ പരിഗണിച്ചതെന്ന് കമീഷന്‍ വിശദീകരിച്ചു. മറ്റു സര്‍വകലാശാലകളിലേക്ക് മാറാനുള്ള താല്‍ക്കാലിക ക്രമീകരണമാണിത്. എന്നാല്‍ ഡിഗ്രി നല്‍കുന്നത് യുക്രെയ്നിലെ സര്‍വകലാശാല തന്നെയായിരിക്കും.
യുക്രെയ്ന്‍ സാഹചര്യങ്ങള്‍ക്കിടയില്‍ സ്വന്തം നാട്ടിലിരുന്ന് ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ പഠനം തുടരുന്നുണ്ട്. നാഷനല്‍ മെഡിക്കല്‍ കമീഷന്‍ തിയറി ക്ലാസുകള്‍ മാത്രമാണ് ഇതിന് അംഗീകരിക്കുക. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ഗണ്യമായ ഭാഗവും പ്രായോഗിക പരിശീലനമാണ്. അതുകൊണ്ട് യുക്രെയിനില്‍ നിന്ന് തിരിച്ചെത്തിയവര്‍ ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചു വരുകയായിരുന്നു.യുക്രെയിനില്‍ നിന്ന് മടങ്ങേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തില്‍ പക്ഷേ, നാഷനല്‍ മെഡിക്കല്‍ കമീഷനോ ആരോഗ്യ മന്ത്രാലയമോ തീരുമാനമെടുത്തിട്ടില്ല. ഹരജിയുമായി വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. കേസ് 15ന് പരിഗണിക്കും.
0 comments: