2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

പട്ടിക വിഭാഗക്കാര്‍ക്ക് സുരക്ഷിത ഭവനങ്ങള്‍; വീട് നന്നാക്കാന്‍ 'സേഫ്' പദ്ധതി

 


പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) സമഗ്ര ഭവന പൂര്‍ത്തീകരണ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നു.ഇതിനുള്ള മാര്‍ഗരേഖ പട്ടികജാതി വികസനവകുപ്പ് തയ്യാറാക്കി.വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും സേഫ് നടപ്പാക്കുക. 2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ പദ്ധതിയില്‍ പരിഗണിക്കും. പട്ടിക വിഭാഗം കുടുംബങ്ങളുടെ വീടുകള്‍ ഇന്നും അന്തസുള്ള വീടുകള്‍ എന്ന നിലയിലേക്ക് മാറിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

തേയ്ക്കാത്ത, തറയിടാത്ത, വാതിലും ജനലും പ്ലാസ്റ്റിക് മറച്ച...വൃത്തിയുള്ള ടോയ്‌ലറ്റ് ഇല്ലാത്ത വീടുകളായി പലതും അവശേഷിക്കുകയാണ്. ഇതു പരിഹരിച്ച്‌ സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതുമായ അന്തസ്സാര്‍ന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സേഫിന്റെ ലക്ഷ്യം.പദ്ധതിയില്‍ ഒരു കുടുംബത്തിന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ളതും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്ന കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് പുതു തലമുറയുടെ സ്വപ്നങ്ങള്‍ കൂടി ചേര്‍ത്തു പിടിച്ച്‌ പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങിയ ഭവനനിര്‍മാണ പദ്ധതിയായ ലൈഫില്‍ പട്ടികജാതിക്കാര്‍ക്കും പുതിയ വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും അഞ്ചുവര്‍ഷമായി ഭവന പുനരുദ്ധാരണം നടക്കുന്നുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സഹായധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതി വകുപ്പിന്റെ വിലയിരുത്തല്‍.

മാനദണ്ഡങ്ങൾ 

  • വരുമാനപരിധി ഒരുലക്ഷം രൂപ
  • അപേക്ഷകരുടെ (ഭര്‍ത്താവ്/ഭാര്യ) പേരിലായിരിക്കണം വീട്
  • ശൗചാലയങ്ങളില്ലാത്ത കുടുംബങ്ങള്‍
  • വിധവ കുടുംബനാഥയായ കുടുംബം
  • വിദ്യാര്‍ഥികള്‍ കൂടുതലുള്ള കുടുംബം

പണം അനുവദിക്കുന്നത് ഈ പ്രവൃത്തികള്‍ക്ക്

വീടിന്റെ മേല്‍ക്കൂര പൂര്‍ത്തീകരണം, ശൗചാലയനിര്‍മാണം, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, കിച്ചണ്‍ സ്ലാബ്, ഷെല്‍ഫ്, പാചകവാതകസൗകര്യം സ്ഥാപിക്കല്‍,ഇലക്‌ട്രിക്കല്‍വയറിങ്, ഫാന്‍, ലൈറ്റ് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍, പ്ലംബിങ്, തറ ടൈല്‍ പാകുന്നത്, മുറ്റം പടി ഉള്‍പ്പെടെ കെട്ടി വൃത്തിയാക്കല്‍, അധികമുറി നിര്‍മാണം തുടങ്ങിയവയ്ക്കാണ്.

0 comments: