2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

തത്തകളെ വളര്‍ത്താൻ വാങ്ങുന്നവർ സൂക്ഷിക്കുക നിങ്ങളെ കാത്തിരിക്കുന്നത് 7 വര്‍ഷം തടവും പിഴയും

 

വളര്‍ത്താൻ തത്തകളെ വാങ്ങുമ്പോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്പഴിക്കുള്ളിലാകും . കാരണം വിലക്കപ്പെ‌ടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും അഴിക്കുള്ളിലാകും. തത്തകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. പ്ലംഹെഡ് പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ്, റിംഗ് നെക്ക് പാരക്കീറ്റ് മുതലായ ഇനങ്ങളാണ് കൂടുതലായും വില്ക്കപ്പെടുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവയെ എത്തിക്കുന്നത്. 200 രൂപ മുതല്‍ വിലയിട്ടാണ് വില്പന. എളുപ്പം ഇണങ്ങുമെന്നതും വില കുറവുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അംഗീകൃത പെറ്റ്ഷോപ്പുകളില്‍ വില്ക്കപ്പെടുന്ന വിദേശയിനം തത്തകളെ വാങ്ങാം വളര്‍ത്താം. ഇതില്‍ പേടിക്കേണ്ട. 1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നത്. നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പരുന്ത് വര്‍ഗങ്ങള്‍, ജലാശയങ്ങളെ ആശ്രയിക്കുന്ന വെണ്‍പകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പല്‍, ചിലതരം കാടകള്‍ എന്നിവയും ഉള്‍പ്പെടും.

പക്ഷികളെ പിടിക്കുന്നതു മാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകള്‍ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകര്‍ക്കുക, കൂട് നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്. അടുത്തിടെ കാക്കയെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു,7 വര്‍ഷം തടവും പിഴയും: നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാര്‍ പാരക്കീറ്റ്, അലക്‌സാൻഡ്രിൻ പാരക്കീറ്റ് (മലന്തത്ത), വെര്‍ണല്‍ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടും. വന്യജീവി സംരക്ഷണ നിയമത്തിലെ ഒമ്ബതാം വകുപ്പനുസരിച്ച്‌ ഇവയില്‍ ഒന്നിനെയും വേട്ടയാടാനോ കൂടുകളില്‍ പാര്‍പ്പിക്കാനോ പാടില്ല. പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാല്‍ കുറ്റത്തിന്റെ തീവ്രതയനുസരിച്ച്‌ മൂന്നു മുതല്‍ 7 വരെ വര്‍ഷം തടവും 10,000 മുതല്‍ 50,000 വരെ രൂപ പിഴയും ലഭിക്കാം.

0 comments: