കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി-കുസാറ്റ്) 2024-25 ലെ വിവിധ ബാച്ചിലർ/ഇന്റഗ്രേറ്റഡ്തല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ അഡ്മിഷൻ ടെസ്റ്റി (കാറ്റ്)ന് ജനുവരി 27 മുതല്‍ അപേക്ഷിക്കാം.
ബിരുദ പ്രോഗ്രാമുകള്‍
ബി.ടെക് (നാലുവർഷം-എട്ട് സെമസ്റ്റർ): സിവില്‍, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവല്‍ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബില്‍ഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എന്നീ ബ്രാഞ്ചുകള്‍.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി: ഫോട്ടോണിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയൻസസ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്).
നിയമപ്രോഗ്രാമുകള്‍: പഞ്ചവത്സര ഓണേഴ്സ്-ബി.ബി.എ. എല്‍എല്‍.ബി., ബി.കോം. എല്‍എല്‍.ബി., ബി.എസ്സി. കംപ്യൂട്ടർ സയൻസ് എല്‍എല്‍.ബി. (ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരത്തിനു വിധേയം)
ബി.വോക്. (മൂന്നുവർഷം): ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്.
ലാറ്ററല്‍ എൻട്രി-ബി.ടെക്. സെമസ്റ്റർ മൂന്നിലേക്ക്-സിവില്‍, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആൻഡ് ഫയർ, പോളിമർസയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എന്നീ ബ്രാഞ്ചുകള്‍.
കാംപസുകള്‍
വിവിധ പ്രോഗ്രാമുകള്‍, കളമശ്ശേരി തൃക്കാക്കര മെയിൻ കാംപസ് (കാംപസ് 1), കുട്ടനാട് (പുളിങ്കുന്ന്, ആലപ്പുഴ്-കാംപസ് 2) എന്നിവിടങ്ങളിലായാണ് നടത്തുന്നത്. എൻജിനിയറിങ് പ്രോഗ്രാമുകള്‍ തൃക്കാക്കര, കുട്ടനാട് കാംപസുകളിലും മറ്റുള്ളവ തൃക്കാക്കര കാംപസിലുമാണ് നടത്തുന്നത്. ഓരോ കാംപസിലുമുള്ള പ്രോഗ്രാമുകളുടെ പട്ടിക പ്രോസ്പക്ടസില്‍ നല്‍കിയിട്ടുണ്ട്.
ഓള്‍ ഇന്ത്യ സീറ്റുകള്‍
സിവില്‍, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ എന്നീ ബി.ടെക്. പ്രോഗ്രാമുകള്‍ സെല്‍ഫ്-ഫിനാൻസിങ് രീതിയിലാണ് നടത്തുന്നത്. ഈ പ്രോഗ്രാമുകളിലെ 45 ശതമാനം സീറ്റുകള്‍ ഉയർന്നഫീസുള്ള ഓള്‍ ഇന്ത്യ മെറിറ്റ് സീറ്റുകളായിരിക്കും. കേരളീയർക്കും കേരളീയേതരർക്കും ഇവയിലേക്ക് അപേക്ഷിക്കാം. സെല്‍ഫ് ഫിനാൻസിങ് ബി.ടെക്. ഒഴികെയുള്ള യു.ജി. പ്രോഗ്രാമുകളില്‍ 10 ശതമാനം സീറ്റുകള്‍ ഓള്‍ ഇന്ത്യാ ക്വാട്ട സീറ്റുകളായിരിക്കും. കേരളീയർക്കും കേരളീയേതരർക്കും ഇവയിലേക്ക് അപേക്ഷിക്കാം. ഈ സീറ്റുകളിലെ ഫീസില്‍ സാധാരണ ഫീസില്‍നിന്നും 25 ശതമാനം വർധന ഉണ്ടാകും. ഫീസ് ഘടന പ്രോസ്പക്ടസില്‍ ഉണ്ട്. ബാക്കിസീറ്റുകള്‍ കേരളീയർക്കായിരിക്കും. എൻ.ആർ.ഐ. സീറ്റ് വിശദാംശങ്ങളും പ്രോസ്പക്ടസില്‍ ലഭിക്കും.
യോഗ്യത
- ബി.ടെക്, ബയോളജിക്കല്‍ സയൻസസ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി. എന്നിവയിലെ പ്രവേശനത്തിന് അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പി.സി.എം.) എന്നീവിഷയങ്ങള്‍ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.
- ബയോളജിക്കല്‍ സയൻസസ് ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പി.സി.ബി.) എന്നിവ പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം. പ്ലസ്ടു പരീക്ഷയില്‍ പി.സി.എം./പി.സി.ബി. വിഷയങ്ങള്‍ക്ക് നിശ്ചിതശതമാനം മാർക്ക് നേടിയിരിക്കണം.
- ബി.ടെക്. പ്രവേശനം തേടുന്നവർക്ക് മാത്തമാറ്റിക്സില്‍ നിശ്ചിതശതമാനം മാർക്ക് വേണം. യോഗ്യതാകോഴ്സ് ഫൈനല്‍ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. അവർ ഫൈനല്‍ പരീക്ഷ പൂർണമായും ആദ്യതവണ അഭിമുഖീകരിക്കുന്നവരായിരിക്കണം. ഇതിനുമുമ്ബുള്ള എല്ലാ പരീക്ഷയും അവർ ജയിച്ചിരിക്കണം. /ഇംപ്രൂവ്മെന്റ്/സപ്ളിമെന്ററി പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. വിശദമായ വ്യവസ്ഥകള്‍ പ്രോസ്പെക്ടസില്‍ ലഭിക്കും.
ഇന്റഗ്രേറ്റഡ് എം.എസ്സി.ക്ക് എക്സിറ്റ് ഓപ്ഷൻ
അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകള്‍ക്ക് രണ്ട് എക്സിറ്റ് ഓപ്ഷനുകള്‍ ഉണ്ട്. ആദ്യത്തേത് ആറാംസെമസ്റ്റർ (മൂന്നാം വർഷം) കഴിഞ്ഞും രണ്ടാമത്തേത് എട്ടാംസെമസ്റ്റർ (നാലാംവർഷം) കഴിഞ്ഞും.
ആറ് സെമസ്റ്ററുകള്‍ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.എസ്സി. ബിരുദവുമായും എട്ട് സെമസ്റ്ററുകള്‍ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.എസ്സി. (ഓണേഴ്സ്) അല്ലെങ്കില്‍ ബി.എസ്സി. (ഓണേഴ്സ് വിത്ത് റിസർച്ച്) ബിരുദവുമായും പുറത്തുവരാം.
പ്രവേശനം 'കാറ്റ് ' വഴി
വിവിധ കോഴ്സുകളിലെ പ്രവേശനം, കംപ്യൂട്ടർ അധിഷ്ഠിത, കോമണ്‍ അഡ്മിഷൻ ടെസ്റ്റുകള്‍ (കാറ്റ്) വഴിയാണ്. ബി.ടെക്. (മറൈൻ ഒഴികെ), ഇന്റഗ്രേറ്റഡ് എം.എസ്സി. ഫോട്ടോണിക്സ്, കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ്. കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയുടെ ദൈർഘ്യം മൂന്നുമണിക്കൂർ. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍നിന്നും യഥാക്രമം 90, 75, 60 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ശരിയുത്തരം മൂന്നുമാർക്ക്. ഉത്തരം തെറ്റിയാല്‍ ഒരുമാർക്ക് നഷ്ടപ്പെടും. ഈ മൂന്നു പ്രോഗ്രാമുകള്‍ക്കൊപ്പം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നവരും ഈ ടെസ്റ്റ് (കോഡ് 101) അഭിമുഖീകരിച്ചാല്‍ മതി.
0 comments: