2024, ജനുവരി 15, തിങ്കളാഴ്‌ച

പ്ലസ്ടുവിനുശേഷമുള്ള എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനം, കൂടുതല്‍ അറിയാം

 


പ്ലസ്ടുവിനുശേഷം ഒരുപാടു കുട്ടികളുടെ ആഗ്രഹമാണ്  എൻജിനീയറിങ്,അല്ലെങ്കിൽ ആര്‍ക്കിടെക്ചര്‍ ഫീൽഡ് .നല്ല സ്ഥാപനങ്ങളിൽ പഠിച്ചാൽ മാത്രമേ നമുക്ക് പ്ലേസ്മെന്റ് ലഭിച്ചു ഒരു നല്ല സ്ഥാപനത്തിൽ ജോലി ലഭിക്കൂ .ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പഠിക്കണമെങ്കിൽ അതിന്റെതായ പരീക്ഷകളും മറ്റും എഴുതണം .ഈ പരീക്ഷകളെകുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത് 

1)ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ, ബിരുദപ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ്.കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തുന്നു. 2024-ലെ പ്രവേശനത്തിനുള്ള പരീക്ഷ മേയ് 26-നാണ്.ഈ പരീക്ഷയ്ക്ക് ഒരാള്‍ക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. ആദ്യം നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുന്ന, ജെ.ഇ.ഇ. മെയിൻ പേപ്പര്‍ 1 (ബി.ഇ./ബി.ടെക്.)ന് അപേക്ഷിച്ച്‌ അഭിമുഖീകരിക്കണം. ജെ.ഇ.ഇ. മെയിൻ പേപ്പര്‍ 1-ല്‍ വിവിധ കാറ്റഗറികളില്‍നിന്നു മുന്നിലെത്തുന്ന 2,50,000 പേര്‍ക്കേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ.ജെ.ഇ.ഇ. മെയിൻ ഒന്നാംപേപ്പര്‍ റാങ്ക് പട്ടിക തയ്യാറാക്കിയ ശേഷമാണ് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അര്‍ഹത ലഭിക്കുന്നവരെ കണ്ടെത്തുക. ഓരോ വിഭാഗത്തില്‍നിന്നും നിശ്ചിത എണ്ണം പേര്‍ക്കാണ് അവസരം ലഭിക്കുക. അര്‍ഹത ലഭിക്കുന്നവര്‍ക്ക് jeeadv.ac.in രജിസ്റ്റര്‍ചെയ്യാം.

പരീക്ഷയുടെ പരിധിയില്‍വരുന്ന 23 ഐ.ഐ.ടി.കള്‍: ബോംബെ, ഡല്‍ഹി, മദ്രാസ്, കാൻപുര്‍, ഖരഗ്പുര്‍, ഗുവാഹാട്ടി, റൂര്‍ക്കി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വര്‍, ധാര്‍വാഡ്, ഗാന്ധിനഗര്‍, ഗോവ, ഹൈദരാബാദ്, ഇൻഡോര്‍, ജമ്മു, ജോധ്പുര്‍, മാണ്ഡി, പാലക്കാട്, പട്ന, റോപ്പര്‍, തിരുപ്പതി.പാലക്കാട് ഐ.ഐ.ടി.യില്‍ സിവില്‍, കംപ്യൂട്ടര്‍ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ ബി.ടെക്. പ്രോഗ്രാമുകളാണുള്ളത്.

മറ്റ് പ്രവേശനയോഗ്യത: പ്രായവ്യവസ്ഥയുണ്ട്. തുടര്‍ച്ചയായി രണ്ടുവര്‍ഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാള്‍ക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ച്‌ 2023-ലോ 2024-ലോ ക്ലാസ് 12/തത്തുല്യ പരീക്ഷ ആദ്യശ്രമത്തില്‍ ജയിച്ചിരിക്കണം.

പരീക്ഷ;കംപ്യൂട്ടര്‍ ബേസ്ഡ് രീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് മൂന്നുമണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പര്‍ ഉണ്ടാകും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടുപേപ്പറും നിര്‍ബന്ധമായും അഭിമുഖീകരിച്ചിരിക്കണം.യോഗ്യത നേടാനും അതുവഴി റാങ്ക് പട്ടികകളില്‍ ഇടംനേടാനും കാറ്റഗറി അനുസരിച്ച്‌ ഓരോവിഷയത്തിലും മൊത്തത്തിലും കട്ട് ഓഫ് മാര്‍ക്ക് നേടണം.റാങ്ക് പട്ടികകള്‍ പ്രസിദ്ധപ്പെടുത്തിയശേഷം ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ച്‌ ഐ.ഐ.ടി.കളിലേക്കും ജെ.ഇ.ഇ. മെയിൻ റാങ്ക് പരിഗണിച്ച്‌ എൻ.ഐ.ടി. വിഭാഗത്തിലേക്കും (എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. തുടങ്ങിയവ), ജോയിൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) സംയുക്ത കൗണ്‍സലിങ് വഴി സീറ്റ് അലോക്കേഷൻ നടത്തും.വിവരങ്ങള്‍ക്ക്: josaa.nic.in

ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോര്‍ ഉപയോഗിച്ചുവരുന്ന മറ്റു ബി.ടെക്. പ്രവേശനങ്ങള്‍/സ്ഥാപനങ്ങള്‍:ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബി.ടെക്.- മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്) തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (ബി.ടെക്., ബി.ടെക്.- എം.എസ്./എം.ടെക്.) റായ്ബറേലി രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ബി.ടെക്./ഇൻറഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി) വിശാഖപട്ടണം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനര്‍ജി (ബി.ടെക്. പെട്രോളിയം, കെമിക്കല്‍, മെക്കാനിക്കല്‍ എൻജിനിയറിങ്) ഈ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ താത്പര്യമുള്ളവര്‍ അതത് സ്ഥാപനത്തിലേക്കും യഥാസമയം അപേക്ഷിക്കേണ്ടതുണ്ട്.

2)ബി.ആര്‍ക്

ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികയില്‍ സ്ഥാനം നേടുന്നവര്‍ക്ക് വാരാണസി, ഖരഗ്പുര്‍, റൂര്‍ക്കി എന്നീ ഐ.ഐ.ടി.കളിലുള്ള ബി.ആര്‍ക് പ്രോഗ്രാം പ്രവേശനത്തില്‍ താത്പര്യമുണ്ടെങ്കില്‍ ഐ.ഐ.ടി. നടത്തുന്ന ആര്‍ക്കിടെക്ചര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (എ.എ.ടി.) രജിസ്റ്റര്‍ചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ഇത് യോഗ്യതാപരീക്ഷ മാത്രമാണ്. നിശ്ചയിക്കപ്പെടുന്ന കട്ട് ഓഫ് മാര്‍ക്ക് നേടുന്നവര്‍, ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ ജയിച്ചതായി പരിഗണിക്കും. ഈ പരീക്ഷയ്ക്ക് പ്രത്യേകം റാങ്ക് ഇല്ല. യോഗ്യത നേടുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ബി.ആര്‍ക് പ്രവേശനം.

3)നാഷണല്‍ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആര്‍ക്കിടെക്ചര്‍ (നാറ്റ). 

ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്.) പ്രവേശനത്തിനു പൊതുവെ ബാധകമായ (ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് പ്രവേശനത്തിന് ബാധകമല്ല) അഭിരുചിപരീക്ഷയാണ് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റൂഡ് ടെസ്റ്റ് ഇൻ ആര്‍ക്കിടെക്ചര്‍ (നാറ്റ). 2023-24ല്‍ പരീക്ഷ നാലുതവണ നടത്തി.2024 പ്രവേശനത്തിന്റെ പ്രാഥമിക അറിയിപ്പ് ഇതിനകം വന്നിട്ടുണ്ട്. ഏപ്രില്‍ ആറുമുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തും. ഒരാള്‍ക്ക് മൂന്നുതവണവരെ അഭിമുഖീകരിക്കാം. ഏറ്റവും മെച്ചപ്പെട്ട സ്കോര്‍ ഫലപ്രഖ്യാപനത്തിന് പരിഗണിക്കും. നാറ്റ സ്കോറിന് രണ്ടുവര്‍ഷത്തെ സാധുത ഉണ്ടാകും.

പരീക്ഷ: പരീക്ഷയ്ക്ക് എ, ബി. എന്നീ ഭാഗങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടിന്റെയും ദൈര്‍ഘ്യം 90 മിനിറ്റ്. പാര്‍ട്ട് എ (80 മാര്‍ക്ക്) ഓഫ് ലൈൻ ടെസ്റ്റ് ആയിരിക്കും. കോമ്പോസിഷൻ ആൻഡ് കളര്‍, സ്കെച്ചിങ് ആൻഡ് കോമ്പോസിഷൻ (ബ്ലാക്ക് ആൻഡ് വൈറ്റ്), 3 ഡി കോമ്പോസിഷൻ എന്നിവയില്‍നിന്നുമായിരിക്കും ചോദ്യങ്ങള്‍  പാര്‍ട്ട്  ബി യില്‍ (120 മാര്‍ക്ക്) വിഷ്വല്‍ റീസണിങ്, ലോജിക്കല്‍ ഡെറിവേഷൻ, ജനറല്‍ നോളജ്, ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈൻ, ലാംഗ്വേജ് ഇൻറര്‍പ്രറ്റേഷൻ, ഡിസൈൻ സെൻസിറ്റിവിറ്റി, ഡിസൈൻ തിങ്കിങ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നിവയില്‍നിന്നും രണ്ടുമാര്‍ക്ക് വീതമുള്ള 30-ഉം നാലുമാര്‍ക്ക് വീതമുള്ള 15-ഉം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. യോഗ്യത നേടാൻ പാര്‍ട്ട് എ യില്‍ 20-ഉം പാര്‍ട്ട് ബി യില്‍ 30-ഉം രണ്ട് പാര്‍ട്ടുകളിലുംകൂടി 70-ഉം മാര്‍ക്ക് നേടണം.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച്‌  10+1/10+2 പരീക്ഷ ജയിച്ചവര്‍/അഭിമുഖീകരിക്കുന്നവര്‍, മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച്‌ 10+3 ഡിപ്ലോമ ജയിച്ചവര്‍/ അഭിമുഖീകരിക്കുന്നവര്‍ എന്നിവര്‍ക്ക് 2024 നാറ്റ അഭിമുഖീകരിക്കാം. ബി.ആര്‍ക് പ്രവേശനത്തിന് അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച്‌, പ്ലസ്ടു പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചിരിക്കുകയോ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച്‌ 10+3 ഡിപ്ലോമ മൊത്തം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കുകയോ വേണം. അക്കാദമിക് യോഗ്യതാവ്യവസ്ഥയില്‍ ഭേദഗതി നിര്‍ദേശിച്ച്‌ കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിലെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ്.വിവരങ്ങള്‍ക്ക്: www.nata.in

നാറ്റ സ്കോര്‍ പരിഗണിക്കുന്ന ചില പ്രവേശനങ്ങള്‍

കേരളത്തില്‍ ബി.ആര്‍ക്. പ്രവേശനം. വിവരങ്ങള്‍ക്ക്: www.cee.kerala.gov.in

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി-ബി.ആര്‍ക്. വിവരങ്ങള്‍ക്ക്: jmicoe.in

സി.ഇ.പി.ടി. യൂണിവേഴ്സിറ്റി അഹമ്മദാബാദ്-ബി.ആര്‍ക്ക്; ബാച്ചിലര്‍ ഇൻ അര്‍ബൻ ഡിസൈൻ. വിവരങ്ങള്‍ക്ക്: admissions.cept.ac.in


0 comments: