2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

സംസ്ഥാനത്തെ ബസ് ചാർജ് വർധനവ് ഉടൻ; രാത്രി യാത്ര ചെലവും കൂടും

 

സംസ്ഥാനത്തെ ബസ് ചാർജ് വർധനവ് ഉടൻ നടപ്പാക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനും ശുപാർശയുണ്ട്.ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിക്കാനാണ് ശുപാർശ. 25 ശതമാനമാണ് വർധന. കിലോമീറ്റർ നിരക്കിൽ 42.85% വർധന വരുത്താനുമാണ് ശുപാർശ. നിലവിൽ കിലോമീറ്റർ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും.

എല്ലാ സർവീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാർജ് 14 രൂപയാകും. മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും. വിദ്യാർത്ഥികളുടെ കൺസിഷൻ നിരക്ക് 5 രൂപയാക്കി ഉയർത്താനാണ് ശുപാർശ. നിലവിൽ 5 കിലോമീറ്ററിന് രണ്ടു രൂപയാണ് മിനിമം നിരക്ക്.

ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ഈ ശുപാർശ ഇല്ല. റിപ്പോർട് സർക്കാർ ഉടൻ ചർച്ച ചെയ്യും. ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്രയുടെ കാര്യത്തിലും സർക്കാർ തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ്സുകൾക്കും, സ്വകാര്യ ബസ്സുകൾക്കുമുള്ള നിരക്ക് വർധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്രചെയ്യുന്നവരാണ് അധിക നിരക്ക്.


0 comments: