കോഴിക്കോട്: വ്യാജ വാട്സ്‌ആപ് അക്കൗണ്ട് ഉണ്ടാക്കി 'പണം കടംവാങ്ങല്‍' തട്ടിപ്പിനിരയാകുന്നത് ജില്ലയിലെ നിരവധി പേര്‍.നേരത്തേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് ഇതിന് ചുക്കാന്‍പിടിച്ചതെങ്കില്‍ ഇപ്പോള്‍ മലയാളികളും ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന.
പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി, അസി. പൊലീസ് കമീഷണര്‍, ഐ.ഐ.എം ഡയറക്ടര്‍, കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെയടക്കം പേരിലാണ് വ്യാജ വാട്സ്‌ആപ് അക്കൗണ്ടുകളുണ്ടാക്കി പണം കടമായി ആവശ്യപ്പെടുന്നത്. അടുത്തിടെ ഡി.ജി.പി അനില്‍കാന്തിെന്‍റ പേരില്‍ സമാന തട്ടിപ്പുനടത്തിയ നൈജീരിയന്‍ സംഘം ഡല്‍ഹിയില്‍ പിടിയിലായിരുന്നു. കൊല്ലത്തുള്ള അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപയാണ് സംഘം തട്ടിയത്. ജില്ലയില്‍ ഇത്രവലിയ തട്ടിപ്പില്ലെങ്കിലും നിരവധി പേര്‍ക്കാണ് ചെറിയ തുകകള്‍ നഷ്ടമായത്.
ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം. നസീറിെന്‍റയും ഐ.ഐ.എം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയുടെയും ഫോട്ടോ ഡി.പിയാക്കി വ്യാജ വാട്സ്‌ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടിരുന്നു. +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ് ഇരുവരുടെയും പേരില്‍ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്ത് സഹപ്രവര്‍ത്തകരില്‍ നിന്നടക്കം പണം ആവശ്യപ്പെട്ടത്. ഇതിനുപിന്നില്‍ ഡല്‍ഹിയിലെ സംഘമാണ് എന്നാണ് സൈബര്‍സെല്‍ അന്വേഷണത്തില്‍ വ്യക്തമായത്.
സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എ. ഉമേഷ്, ജില്ല ജഡ്ജി പി. രാഗിണി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചും അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ജില്ല ജഡ്ജിയുടെ പേരിലുള്ള തട്ടിപ്പില്‍ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയാണ്. കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചു. ഹൈകോടതി തന്നെ വിഷയത്തില്‍ ഇടപെട്ടതോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
സാധാരണക്കാരടക്കം ഗൂഗ്ള്‍ പേ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഈ തട്ടിപ്പ് വ്യാപകമായത്. അജ്ഞാത സംഘം സ്ഥാപനങ്ങളുടെയടക്കം വെബ്സൈറ്റുകളില്‍ നിന്ന് പ്രമുഖരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ നമ്പറിന്റെ വാടസ്‌ആപ് ഡി.പിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിെന്‍റ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഹായ്, ഹലോ മെസേജ് അയച്ച് വാട്സ്‌ആപ് ചാറ്റ് ആരംഭിക്കും. മറുപടി ലഭിക്കുന്നതോടെ സൗഹൃദം പങ്കുവെച്ച് തന്ത്രത്തില്‍ അല്‍പം തുക ഉടന്‍ ഈ നമ്പറിലേക്കു അയക്കണമെന്നാവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
വിശേഷങ്ങള്‍ ചോദിച്ചശേഷമാണ് പണം ആവശ്യപ്പെടുന്നത് എന്നതിനാല്‍ തട്ടിപ്പാണെന്ന് പെട്ടെന്നാര്‍ക്കും തോന്നില്ല. പിന്നീട് നേരില്‍ കാണുമ്പോഴും പണം തിരികെ ആവശ്യപ്പെടുമ്പോഴു മെല്ലാമാണ് അക്കൗണ്ട് സുഹൃത്തിെന്‍റ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തമാകുന്നത്. ആളുടെ വാട്സ്‌ആപ് ഡി.പി മാത്രം നോക്കി പണമയക്കുന്നതാണ് തട്ടിപ്പിന് കാരണമാകുന്നതെന്നാണ് സൈബര്‍ സെല്‍ പയുന്നത്. ബന്ധപ്പെട്ടയാളുടെ നമ്പർ പരിശോധിച്ചശേഷമേ പണം അയക്കാവൂ. അജ്ഞാത നമ്പറില്‍നിന്നുള്ള ചാറ്റുകള്‍ക്ക് മറുപടി നല്‍കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
0 comments: