അതിവേഗം വളരുന്ന സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്.പുതിയ കാലത്ത് പുതിയ സ്കില്‍ ആര്‍ജിച്ചാല്‍ മാത്രമേ പുത്തനുണര്‍വോടെ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വിജ്ഞാനവും പ്രവൃത്തിപരിചയവും നേടാനാണ് പുതുതലമുറക്ക് താല്‍പര്യം. പ്ലസ് ടു കഴിഞ്ഞാല്‍ തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തവും തൊഴില്‍സാധ്യത ഉറപ്പു നല്‍കുന്നതുമായ കുറച്ച് ട്രെന്‍ഡി കോഴ്സുകളെ പരിചയപ്പെടാം.
ഉപരിപഠനം വൈവിധ്യങ്ങളാല്‍ സമ്പന്നം
പ്ലസ്ടുവിനുശേഷം കോഴ്സുകളുടെ ലോകവും തുറക്കുകയാണ്. തൊഴില്‍ മേഖലകള്‍ വികസിക്കുക്കുമ്പോൾ പഠനസാധ്യതകളും പെരുകുകയാണ്. ഉപരിപഠനരംഗം ഇന്ന് വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് . ഏതു കാലത്തും തിളങ്ങിനില്‍ക്കുന്ന മെഡിസിന്‍, എന്‍ജിനീയറിങ്, നിയമപഠനം, മാനേജ്മെന്‍റെ് പഠനം എന്നിവയില്‍ താല്‍പര്യവും അഭിരുചിയുമുള്ളവര്‍ പ്രവേശനപരീക്ഷകളില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി മികച്ച ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പഠിക്കണം.
അതിന് നേരത്തേയുള്ള തയാറെടുപ്പാണ് ആവശ്യം. ഇനി കോമേഴ്സിലെ മിന്നും കോഴ്സുകളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്ബനി സെക്രട്ടറി, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടിങ്, നഴ്സിങ്, ബാങ്കിങ്, ആനിമേഷന്‍, പത്രപ്രവര്‍ത്തനം, ഭാഷാപഠനം, ശാസ്ത്രപഠനം, പാരാമെഡിക്കല്‍, കാര്‍ഷിക പഠനം, സോഷ്യല്‍വര്‍ക്ക്, താല്‍പര്യമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍വകലാശാലകളില്‍നിന്ന് ബിരുദപഠനം, വിദേശപഠനം, അധ്യാപനം എന്നിവയിലാണ് താല്‍പര്യമെങ്കില്‍ ആ മേഖല തിരെഞ്ഞടുത്ത് ഇച്ഛാശക്തിയോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ടുപോവുക.
ഡേറ്റ സയന്‍സ്
സാങ്കേതികവിദ്യയിലെ ട്രെന്‍ഡിങ് മേഖലകളിലൊന്നാണ് ഡേറ്റ സയന്‍സ്. ആധുനിക ടൂളുകളും ടെക്നിക്കുകളും ഉപയോഗിച്ച് കാണാത്ത പാറ്റേണുകള്‍ കണ്ടെത്തുന്നതിന് വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യുന്ന പഠനമേഖലയാണ് ഡേറ്റ സയന്‍സ്. എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ബൈറ്റുകള്‍ ഡേറ്റ സൃഷ്ടിക്കപ്പെടുമ്ബോള്‍ ബിസിനസ് തലങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ബുദ്ധിപരമായ പരിഹാരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരായ ഡേറ്റ സയന്റിസ്റ്റുകളുടെ പങ്ക് പരമപ്രധാനമാണ്.
ഡേറ്റ സയന്റിസ്റ്റുകളെ വന്‍തോതില്‍ നിയമിക്കുന്ന ഇന്ത്യയിലെ ചില മുന്‍നിര കമ്ബനികള്‍ ആമസോണ്‍, ഡിലോയിറ്റ്, ഫ്രാക്റ്റല്‍ അനലിറ്റിക്സ്, ലിങ്ക്ഡ്‌ഇന്‍, മുസിഗ്മ, ഫ്ലിപ്പ്കാര്‍ട്ട്, ഐ.ബി.എം, ആക്സന്‍ചര്‍, സിട്രിക്സ്, മിന്ത്ര, ഡെക്സ്ലോക്, റഡ്ഡര്‍ അനലിറ്റിക്സ് എന്നിവയാണ്.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഐ.ഐ.എം. കൊല്‍ക്കത്ത, ഐ.ഐ.ടി മദ്രാസ്, ലയോള കോളേജ് ചെന്നൈ, വി.ഐ.ടി വെല്ലൂര്‍ എന്നിവ ഡേറ്റ സയന്‍സില്‍ ഇന്ത്യയിലെ മികച്ച കോളജുകളാണ്.
ഫോട്ടോണിക്സ്
ഫോട്ടോണുകള്‍ (പ്രകാശകണികകള്‍) സൃഷ്ടിക്കുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശാസ്ത്രമാണ് ഫോട്ടോണിക്സ്. കമ്യൂണിക്കേഷന്‍സ്, ഇമേജിങ്, ഹെല്‍ത്ത്കെയര്‍, മെഡിസിന്‍, ഡിഫന്‍സ്, ഒപ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, നെറ്റ് വര്‍ക്, സെമികണ്ടക്ടര്‍ ടെക്നോളജി, ഫൈബര്‍ ഒപ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണ വികസന സ്ഥാപനങ്ങളിലാണ് ഫോട്ടോണിക്സ് വിദഗ്ധര്‍ക്ക് അവസരമേറെയുള്ളത്.
കോഴ്സുകള്‍ നല്‍കുന്ന മികച്ച സ്ഥാപനങ്ങള്‍
ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് കുസാറ്റ്, എ.എ.ടി മദ്രാസ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐ.ഐ.ടി ഡല്‍ഹി, പെരിയാര്‍ ഇ.വി.ആര്‍ കോളജ്, രാജര്‍ഷി ഷാഹു മഹാവിദ്യാലയ ഫോട്ടോണിക്സ് വകുപ്പ്, മഹാരാഷ്ട്ര.
ഗെയിമിങ്
പ്രതിദിനം ശരാശരി 42 മിനിറ്റ് മൊബൈല്‍ ഗെയിമുകള്‍ക്കായി ചെലവഴിക്കുന്ന 22.2 കോടി ഗെയിമര്‍മാര്‍ രാജ്യത്തുണ്ട്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായം 2023ഓടെ 12,000 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്നത്തെ ലോകത്ത്, ഗെയിമിങ് വിനോദത്തിലും ഹോബിയിലും പരിമിതമല്ല. സര്‍ഗാത്മകതയെ സ്നേഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല കരിയര്‍ ഓപ്ഷനായി മാറിയിരിക്കുന്നു.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആന്‍ഡ് ആനിമേഷന്‍(AIGA), ഡി.എസ്.കെ സുപിന്‍ഫോകോം, പുണെ(DSK Supinfocom), ഐകാറ്റ് ഡിസൈന്‍ ആന്‍ഡ് മീഡിയ കോളജ് (ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്) www.icat.ac.in.
ക്രിയേറ്റിവ് ഡിസൈന്‍
ഓരോ ദിവസും നിരവധി ഉല്‍പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആധുനിക ലോകത്ത് ക്രിയേറ്റിവ് ഡിസൈന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഉല്‍പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട ആശയം, വികസനം, വിപണനം, റോള്‍ഔട്ട് എന്നിവക്കായി കമ്ബനികള്‍ക്ക് ക്രിയേറ്റിവ് ഡിസൈനര്‍മാരെ ആവശ്യമാണ്. ഒരു കമ്ബനിയെയോ അതിന്റെ സേവനങ്ങളെയോ ഉല്‍പന്നങ്ങളെയോ പരസ്യപ്പെടുത്താന്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കന്ന പ്രഫഷനലാണ് ക്രിയേറ്റിവ് ഡിസൈനര്‍.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍-NID, അഹ്മദാബാദ്, ഐ.ഡി.സി, ഐ.ഐ.ടി ബോംബെ, പേള്‍ അക്കാദമി (ഡല്‍ഹി, മുംബൈ, ജയ്പുര്‍), NIFTഡല്‍ഹി, MAEER'S MIT ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, പുണെ, സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, (ബംഗളൂരു, പുണെ, തിരുവനന്തപുരം), ഇന്ത്യന്‍ സ്കൂള്‍ ഓഫ് ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍, മുംബൈ.
ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ്
സാങ്കേതിക പുരോഗതി നേടിയ ലോകത്തെ പ്രൈം-ടൈം എന്‍ജിനീയര്‍മാരാണ് ഫുള്‍-സ്റ്റാക്ക് ഡെവലപ്പര്‍മാര്‍. 2024 ആകുമ്ബോഴേക്കും ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് ജോലികള്‍ 1,35,000ല്‍നിന്ന് 8,53,000 ആയി ഉയരുമെന്ന് യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോകമെമ്ബാടുമുള്ള ഏറ്റവും ഉയര്‍ന്ന ശമ്ബളം ലഭിക്കുന്ന ജോലികളില്‍ ഒന്നാണിത്. ഫുള്‍ സ്റ്റാക്ക് ടെക്നോളജി എന്നത് ഒരു കമ്ബ്യൂട്ടര്‍ സിസ്റ്റം ആപ്ലിക്കേഷന്റെ മുഴുവന്‍ ആഴത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍മാര്‍ രണ്ടു വ്യത്യസ്തവെബ്ഡെവലപ്മെന്റ് ഡൊമൈനുകള്‍ സ്ട്രാഡില്‍ ചെയ്യുന്നു: ഫ്രണ്ട് എന്‍ഡും ബാക്ക് എന്‍ഡും.
ഒരു ക്ലയന്‍റ് അല്ലങ്കില്‍ സൈറ്റ് വ്യൂവര്‍, കാണാനും സംവദിക്കാനും കഴിയുന്ന എല്ലാം ഫ്രണ്ട് എന്‍ഡില്‍ ഉള്‍പ്പെടുന്നു. പ്ലസ് ടു വിനുശേഷം ഫുള്‍ സ്റ്റാക്ക് ഡെവലപ്പറാകാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഫ്രണ്ട് എന്‍ഡ് സാങ്കേതികവിദ്യകള്‍ പഠിക്കുക. ബാക്ക് എന്‍ഡ് ടെക്നോളജികള്‍/ഡേറ്റബേസ്/ഫ്രെയിംവര്‍ക്കുകള്‍/ഡെവോപ്സ്/മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനം എന്നിവ പഠിക്കുക. ഡിസൈനിന്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും പഠിക്കുക.ടി ആകൃതിയിലുള്ള പ്രോഗ്രാമിങ് സമീപനത്തില്‍ വൈദഗ്ധ്യം നേടുക.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ബിറ്റ്സ് പിലാനി. കൂടാതെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് /സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍/ േഡറ്റ സയന്‍റിസ്റ്റ് എന്നീ കോഴ്സുകള്‍ ലഭിക്കുന്ന മികച്ച കോളജുകളില്‍ നിന്നും ഈ കോഴ്സ് പഠിക്കാം.
ബ്ലോക്ക് ചെയിന്‍
സിസ്റ്റം ഹാക്ക് ചെയ്യുകയോ അതില്‍ സംഭരിച്ച ഡേറ്റ കെട്ടിച്ചമക്കുകയോ ചെയ്യുന്നത് തടഞ്ഞ് അത് സുരക്ഷിതമാക്കുന്നതിന് രൂപകല്‍പന ചെയ്ത റെക്കോഡ് കീപ്പിങ് സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിന്‍. ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ ഇടപാടുകളും അനുബന്ധ ഡേറ്റയും രേഖപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ സംവിധാനം.ഈ മേഖലയില്‍ ജോലി ലഭിക്കാന്‍ വ്യത്യസ്ത ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയണം.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്ചെയിന്‍ ടെക്നോളജി, ഹൈദരാബാദ്, ഇന്ത്യന്‍ ബ്ലോക്ക്‌ചെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പുണെ, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി, തിരുവനന്തപുരം, അമിറ്റി ഫ്യൂച്ചര്‍ അക്കാദമി, മുംബൈ., ജി.ടി.എ അക്കാദമി, ഗുരുഗ്രാം, ഇന്ത്യന്‍ സൈബര്‍ സൊല്യൂഷന്‍സ്, കൊല്‍ക്കത്ത.
ഒക്യുപേഷനല്‍ തെറപ്പി
ശാരീരികമായും വൈകാരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ആളുകളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശാസ്ത്രമാണ് ഒക്യുപേഷനല്‍ തെറപ്പി. സ്വകാര്യ പ്രാക്ടീഷനര്‍മാര്‍ക്ക് വലിയ ഡിമാന്‍ഡാണ്.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്- ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, HIMSR ന്യൂഡല്‍ഹി, ഹംദര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്, ജി.എസ്.എം.സി മുംബൈ, സേത്ത് ജിഎസ് മെഡിക്കല്‍ കോളജ്, AIIPMR മുംബൈ, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍.
ക്ലൗഡ് കമ്ബ്യൂട്ടിങ്
ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ക്ലൗഡ് കമ്ബ്യൂട്ടിങ്. ക്ലൗഡ് കമ്ബ്യൂട്ടിങ്ങില്‍ ഉപഭോക്താവിനെ നേരിട്ടും സജീവമായും കൈകാര്യം ചെയ്യാതെ, ആവശ്യാനുസരണം കമ്ബ്യൂട്ടിങ് ഉറവിടങ്ങളുടെ ലഭ്യതയെ സൂചിപ്പിക്കുകയാണ്. പ്രത്യേകിച്ച് കമ്ബ്യൂട്ടിങ് പവറും ഡേറ്റ സംഭരണവും. ഇന്റര്‍നെറ്റ് വഴി അത്തരം വിഭവങ്ങള്‍ പങ്കിടുന്ന പ്രക്രിയയാണ് ക്ലൗഡ് കമ്ബ്യൂട്ടിങ്.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
രാഷ്ട്രസന്ത് തുകദോജി മഹാരാജ് നാഗ്പൂര്‍ യൂനിവേഴ്സിറ്റി നാഗ്പൂര്‍, ഐ.ഐ.ടി. റൂര്‍ക്കി, ഉത്തരാഞ്ചല്‍ യൂനിവേഴ്സിറ്റി ഡെറാഡൂണ്‍, എറണാകുളം സെന്‍റ് തെരേസാസ് കോളജ്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (സി-ഡാക്), മൊഹാലി.
സംരംഭകത്വം
പുതിയ ബിസിനസ് സൃഷ്ടിക്കുന്ന വ്യക്തിയാണ് സംരംഭകന്‍. ഇത്തരത്തില്‍ ഒരു ബിസിനസ് സ്ഥാപിക്കുന്ന പ്രക്രിയയെ സംരംഭകത്വം എന്നു വിളിക്കുന്നു. പുതിയ ആശയങ്ങള്‍, ചരക്കുകള്‍, സേവനങ്ങള്‍, ബിസിനസ് എന്നിവയുടെ ഉറവിടമാണ് സംരഭകത്വം.
രണ്ടു കാരണങ്ങളാല്‍ സംരംഭകത്വം പ്രധാനമാണ്. ഒന്ന്, നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ ആവശ്യങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന്. ഇത് നവീകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. രണ്ട്, സമ്ബത്ത് സൃഷ്ടിക്കുന്നതിന് മറ്റെന്തിനെക്കാളും വലിയ അവസരങ്ങള്‍ ഇത് പ്രദാനംചെയ്യുന്നു.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഐ.ഐ.എം ബാംഗ്ലൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊല്‍ക്കത്ത, ഐ.ഐ.എം ലഖ്‌നോ, SPJIMR മുംബൈ.
റോബോട്ടിക്സ്
റോബോട്ടിക്സ് എന്‍ജിനീയറിങ്ങില്‍ പ്രഫഷനല്‍ പരിശീലനം നേടിയ ഒരു ഉദ്യോഗാര്‍ഥിയെ കാത്തിരിക്കുന്നത് വമ്ബിച്ച തൊഴിലവസരങ്ങളാണ്. കമ്ബ്യൂട്ടര്‍ സയന്‍സിന്റെയും എന്‍ജിനീയറിങ്ങിന്റെയും ഒരു ഇന്‍റര്‍ ഡിസിപ്ലിനറി ശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം, ഉപയോഗം എന്നിവ റോബോട്ടിക്സില്‍ ഉള്‍പ്പെടുന്നു. പല ആധുനിക നിര്‍മാണ വ്യവസായങ്ങളിലും റോബോട്ടിക്സ് ഒരു പ്രധാന ഘടകമാണ്. വ്യവസായങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് റോബോട്ടിക്സിനുള്ള സാധ്യതയും വര്‍ധിക്കുന്നു.
കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാണ്‍പുര്‍, ബിറ്റ്സ് പിലാനി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജാദവ്പുര്‍ യൂനിവേഴ്സിറ്റി, ഡോ. വിശ്വനാഥ് കരാഡ് എം.ഐ.ടി വേള്‍ഡ്പീസ് യൂനിവേഴ്സിറ്റി പുണെ, അമിറ്റി യൂനിവേഴ്സിറ്റി, ലവ് ലി പ്രഫഷനല്‍ യൂനിവേഴ്സിറ്റി, SRM എന്‍ജിനീയറിങ് കോളജ് കാഞ്ചീപുരം.
0 comments: