ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ അടയ്ക്കാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കി ചെന്നൈ പൊലീസ്.എല്ലാത്തിനും ഇ പെയ്മെന്റ് സര്‍വസാധാരണമായതിനാല്‍ പലരുടെയും കൈയില്‍ പണമെടുക്കാനുണ്ടാവില്ല. ഇതിന്റെ പേരില്‍ പിഴയൊടുക്കാതിരിക്കുന്നത് തടയാനാണ് ചെന്നൈ പൊലീസ് പുതിയ സംവിധാനമൊരുക്കുന്നത്. പേടിഎം വഴി പണം സ്വീകരിക്കാനുള്ള ക്യു ആര്‍ കോഡ് കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം ട്രാഫിക് പൊലീസിന് കൈമാറിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രാഫിക് നിയന്ത്രണ ചുമതലയിലുള്ള എല്ലാ പൊലീസ് സംഘത്തിനും ഇത്തരം കാര്‍ഡ് കൈമാറി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 300 കാര്‍ഡുകളാണ് വിതരണം ചെയ്തത്. ഇത് ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്കുള്ള പരിശീലനവും നല്‍കി. കാര്‍ഡിലെ ക്യു ആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്കാന്‍ ചെയ്താല്‍ പേടിഎം ആപ്പിലെ ഇ ചെല്ലാന്‍ പേജിലേക്ക് റീ ഡയറക്‌ട് ചെയ്യും. പിഴയുടെ ചെല്ലാന്‍ ഐ ഡിയും വാഹനനമ്ബറും നല്‍കിയ ശേഷം യുപിഐ ആപ്പുകള്‍ വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പിഴ ചുമത്തപ്പെട്ടയാള്‍ക്ക് പണം അടയ്ക്കാവുന്നതാണ്.
ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും നിയമലംഘകരെ പിഴ അടയ്ക്കാന്‍ ഓര്‍മപ്പെടുത്താനുമായി തുടങ്ങിയ കോള്‍ സെന്ററുകളിലും ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ നേരിട്ട് എത്തിയും കോഡ് സ്കാന്‍ ചെയ്ത് പിഴയടക്കാം. ഇതിനായി കോള്‍ സെന്റര്‍ ചുമതലയില്‍ ഡ്യൂട്ടിയിലുള്ളവരുടെ സഹായവും കിട്ടും. കോള്‍ സെന്ററുകളില്‍ നിന്ന് നിയമലംഘനത്തിന് പിഴ കുടിശികയുള്ളവരുടെ ഫോണുകളിലേക്ക് നിരന്തരം എസ്‌എംഎസ് സന്ദേശങ്ങള്‍ അയക്കും. സന്ദേശത്തിനൊപ്പമുള്ള ലിങ്ക് തുറന്നാലും ഇ ചെല്ലാന്‍ പേജിലെത്താവുന്നതാണ്.
0 comments: