2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

(August 8)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

എസ്.എസ്.എൽ.സി/പ്ലസ്ടു വിദ്യർത്ഥികൾക്കു 5,000 രൂപ   ക്യാഷ് അവാർഡ്

 2022ലെ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'ബി' ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 5,000 രൂപ വീതം (cash award for students) ക്യാഷ് അവാർഡ് നൽകുന്നു. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായാൽ മതി) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, 2022 മാർച്ച് അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു പാസായവർക്കും അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 12ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156.

പത്താംതരം തുല്യതാ പരീക്ഷ; പുതുക്കിയ തീയതികൾ

ആഗസ്റ്റ് 17 മുതൽ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 12 മുതൽ 23 വരെ തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി.എഫ്.എ  പ്രവേശന പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തപ്പെടുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3.30 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരിക്കും പരീക്ഷ. അപേക്ഷകർക്ക് ഹാൾടിക്കറ്റുകൾ admissions.dtekerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മാവേലിക്കര, തിരുവനന്തപുരം, തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കാണ് പ്രവേശനം.

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്

അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ  കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ  ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559.

ഇൻസ്പയർ അവാർഡ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സമർപ്പിക്കാം. ഇ-മാനെജ്‌മെന്റ് ഓഫ് ഇൻസ്‌പെയർ അവാർഡ് സ്‌കീം വെബ് പോർട്ടലിൽ പ്രഥമാധ്യാപകർ മുഖേനയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. വിദ്യാർഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.  വെബ്‌സൈറ്റ്: https://www.inspireawards-dst.gov.in.

ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് 15ന്

ഭാരതത്തിന്റെ 75-ാം വാർഷികഘോഷത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തീയേറ്ററിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമരം' വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും രണ്ട്/മൂന്ന് പേരുള്ള ഒരു ടീമിനെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള അപേക്ഷ കലാഭവൻ തീയേറ്ററിലോ, ksfdcltd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഒന്നാം സമ്മാനം 10,000 രൂപ (പതിനായിരം രൂപ മാത്രം), രണ്ടാം സമ്മാനം  5,000 രൂപ (അയ്യായിരം രൂപ മാത്രം), മൂന്നാം സമ്മാനം 3,000 രൂപ (മൂവായിരം രൂപ മാത്രം).

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. സർവ്വകലാശാല 

എം.ജി. ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവ്വകലാശാല ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ച് മണി വരെ ലഭ്യമായിരിക്കും. 

എം.ജി. ഓൺലൈൻ പ്രോഗ്രാം: പ്രവേശന തീയതി നീട്ടി

എം.ജി. സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഓൺലൈൻ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 ലേക്ക് നീട്ടി.  യു.ജി.സി. യുടെ അംഗീകാരത്തോടെ നടത്തുന്ന റെഗുലർ ഡിഗ്രിക്ക് തുല്യമായ ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ കാരണങ്ങളാൽ കോളേജ് പഠനം അസാധ്യമായവർക്കും ജോലിയോടൊപ്പം പഠന തുടരാൻ ആഗ്രഹിക്കുന്നവർക്കും വിദേശ വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്രദമാണ്.

പി.ജി. സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് - 2022-23 അദ്ധ്യന വർഷത്തിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിൽ (പാർട്ട് III) 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. 

സിറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ്് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ 2022 അഡ്മിഷനിലേക്ക് എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി. / സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങൾക്ക് ഫോൺ: 0481 -  2732288

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ / സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളുടെ 2022 ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  സി.എ.റ്റി. എൻട്രൻസ് സ്‌കോർ 300 നും 100 നും ഇടയിൽ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ ഓപ്പൺ അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ്.സി. ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 2022 ബാച്ചിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റഗുലർ / സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല് 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

2022 ഏപ്രിൽ മാസത്തിൽ നടന്ന ഒൻപത് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ - ഒന്നാം മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ - രണ്ടാം മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ - മൂന്നാം മെഴ്‌സി ചാൻസ്)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം  സെമസ്റ്റർ ബി.എസ്.സി./ ബി.സി.എ (സി.ബി.സി.എസ്.എസ്.-ഒ ബി ഇ 2019 അഡ്മിഷൻ - സ്‌പെഷ്യൽ എക്സാം), ബി.കോം (സ്പോർട്സ് സ്പെഷ്യൽ എക്സാം) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം -  അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം, രണ്ടാം സെമസ്റ്റർ  (ഏപ്രിൽ 2021 സെഷൻ) അസൈൻമെന്റ് 100/- രൂപ ഫൈൻ സഹിതം  ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ വിദൂരവിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ  സ്വീകരിക്കുന്നതല്ല.

എം.സി.എ - എൻ.ആർ.ഐ   അഡ്മിഷൻ

മാങ്ങാട്ടുപറമ്പ കാമ്പസിലെ   ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിലെ എം.സി.എ  പ്രോഗ്രാമിന്   എൻ.ആർ.ഐ സീറ്റിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ആഗസ്റ്റ് 12ന്    വൈകുന്നേരം 5 മണിക്ക് മുൻപായി മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 -2784535, 9243037002

എം.സി.എ - സ്പോട്ട് അഡ്മിഷൻ

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ   ഐ.ടി സെന്ററിലെ    എം.സി.എ പ്രോഗ്രാമിന്    ഒഴിവുള്ള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ   വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 10ന്    രാവിലെ   10.30ന്  കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ  ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ ആവശ്യമായ അസ്സൽ രേഖകളോടെ സ്പോട്ട്  അഡ്മിഷനിൽ  പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 -2784535, 9243037002

പരീക്ഷാകേന്ദ്രം മാറ്റി

തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജ് നിലവിൽ പരീക്ഷ കേന്ദ്രമല്ലാത്തതിനാൽ, നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പ്രസ്തുത സെൻറർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിളയാങ്കോടിലെ വിറാസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

09.08.2022 ന് നടത്താൻ നിശ്ചയിച്ച ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (ജനുവരി 2021 സെഷൻ), മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ന്യൂജനറേഷൻ-ഒക്ടോബർ 2021 സെഷൻ) പരീക്ഷകൾ ആഗസ്ത് 10 ലേക്കും  നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2022 സെഷൻ) പരീക്ഷ ആഗസ്ത് 11 ലേക്കും മാറ്റി നിശ്ചയിച്ചു.

സീറ്റ് ഒഴിവ്

എം.എ. ആന്ത്രോപോളജി

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര പഠനവകുപ്പിൽ  എം.എ. ആന്ത്രോപോളജി പ്രോഗാമിന് പട്ടികജാതി വിഭാഗത്തിന്  രണ്ട് സീറ്റുകളും പട്ടികവർഗ വിഭാഗത്തിന്   ഒരു സീറ്റും ഒഴിവുണ്ട്.  താല്പര്യമുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം  ഓഗസ്റ്റ് 10ന്  രാവിലെ 10:30ന് സർവകലാശാലയുടെ പാലയാട് ക്യാമ്പസ്സിലെ പഠനവകുപ്പിൽ ഹാജരാകണം.

എം.എസ്.സി മാത്തമറ്റിക്സ് 

മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം എസ് സി മാത്തമറ്റിക്സ്  പ്രോഗാമിൽ  എസ്.സി,  എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 10ന്  രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . 

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021   പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ  വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും  ഓൺലൈനായി അപേക്ഷിക്കാം. 

പ്രായോഗിക  പരീക്ഷകൾ

ഒന്നാം സെമസ്റ്റർ  ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ  2021 പ്രായോഗിക  പരീക്ഷകൾ 2022 ആഗസ്ത്  10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 comments: