സ്കൂളിൽ അധ്യാപകർ എത്തി തുടങ്ങി
കുട്ടികൾക്ക് സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തിങ്കൾ മുതൽ അധ്യാപകരോട് സ്കൂളിൽ എത്തിച്ചേരണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് തിങ്കൾ മുതൽ സ്കൂളിൽ അധ്യാപകർ എത്തി തുടങ്ങി .സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കും .രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും.ഡിജിറ്റൽ ക്ലാസുകൾ തുടരും. സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ടൈംടേബിൾ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂൾ അസംബ്ലി ഒഴിവാക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും.
പൊതു നിർദ്ദേശങ്ങൾ
- രക്ഷകർത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.
- കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം.
- ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല.
- ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല.
- നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ.
- സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
- കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
- സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സ്കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം.
- കൊവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്‌കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.
- സ്കൂൾ തുറക്കുമ്പോൾ പകുതി വിദ്യാഥികൾ മാത്രമാണ് ഓരോ ദിവസവും എത്തുക. അതിനാൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഒരേസമയം ഓൺലൈൻ ക്ലാസുകളും അധ്യാപകർ നടത്തേണ്ടതുണ്ട്
0 comments: