മലപ്പുറം: ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു.
കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം.
സ്വകാര്യ ബസ് മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ സഹകരിക്കണമെന്ന് എ.ഡി.എം പറഞ്ഞു. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി അംഗങ്ങള്‍ക്ക് ഒഴിവുദിവസങ്ങളിലും കണ്‍സെഷന്‍ അനുവദിക്കാന്‍ ബസ് തൊഴിലാളികള്‍ തയാറാകണമെന്ന് ഡി.വൈ.എസ്.പി കെ.സി ബാബു ആവശ്യപ്പെട്ടു. പരാതികള്‍ ഉണ്ടാകുന്ന പക്ഷം വിദ്യാര്‍ത്ഥികളുടെയും ബസ് തൊഴിലാളികളുടെയും വാദം കേട്ടശേഷം മാത്രമേ നടപടിയെടുക്കൂ.
ഏകപക്ഷീയ തീരുമാനങ്ങളുണ്ടാകില്ലെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് അതത് ജോയിന്റ് ആര്‍.ടി.ഒമാരുടെ സേവനം സമയബന്ധിതമായി ലഭിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍ ഉറപ്പാക്കുമെന്നും ആര്‍.ടി.ഒ ആര്‍.ടി.ഒ കെ.കെ സുരേഷ്‌കുമാര്‍ അറിയിച്ചു.
0 comments: