2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ ഈ 11 കാറുകള്‍ ഉണ്ടാകില്ല!

                                    


ഓരോ വര്‍ഷവും വാഹനലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്. 2020 -ല്‍, ബിഎസ് 4 -ല്‍ (BS4) നിന്ന് ബിഎസ് -6 (BS6) ലേക്കുള്ള മാറ്റം കാരണം നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ പല കാര്‍ മോഡലുകളും നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം ഈ രാജ്യത്ത് നിന്നുള്ള വാഹന വിട വാങ്ങലുകളുടെ എണ്ണം അല്‍പ്പം കൂടുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കൊവിഡ് -19 (Covid 19) മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മന്ദഗതിയിലുള്ള വിപണി സാഹചര്യങ്ങള്‍ മൂലം ഏതാനും മോഡലുകള്‍ വിപണിയില്‍ നിന്ന് പുറത്താകുകയാണ് (Discontinued Vehicles). ചില വാഹന നിര്‍മ്മാതാക്കള്‍ സമ്പൂര്‍ണമായി ഇന്ത്യ വിടുകയാണെങ്കില്‍ മറ്റുചിലര്‍ പുതിയ മോഡലുകള്‍ക്ക് പകരമായാണ് അരങ്ങൊഴിയുന്നത്. ഇതാ 2021ല്‍ ഇന്ത്യ വിടുന്ന അത്തരം 11 കാറുകളെ നോക്കാം .

1. ഫോര്‍ഡ് എന്‍ഡവര്‍

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം മികച്ച നാല് വാഹന മോഡലുകളെയാണ് ഒറ്റയടിക്ക് ഇന്ത്യക്കാര്‍ക്ക് അന്യമാക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ ഏക എസ്​യുവിയായിരുന്നു ഫോര്‍ഡ് എന്‍ഡവര്‍. രാജ്യത്തെ ആദ്യത്തെ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്​മിഷന്‍ യൂനിറ്റ് ഉപയോഗിച്ച വാഹനവും എന്‍ഡവര്‍ ആയിരുന്നു. ഫോര്‍ഡ് എവറസ്റ്റിനെ അടിസ്ഥാനമാക്കിയാണ് എന്‍ഡവറിനെ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ മൂന്നാംതലമുറയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഫോര്‍ഡ് ഇന്ത്യ അവതരിപ്പിച്ചത്. 2020 ഫെബ്രുവരിയില്‍ പുതിയ മോഡല്‍ ബിഎസ്6 ഫോര്‍ഡ് എന്‍ഡവറിനെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച വാഹനമെന്ന്​ പേരെടുത്തെങ്കിലും വില്‍പ്പനയില്‍ വിപ്ലവം സൃഷ്​ടിക്കാനൊന്നും എന്‍ഡവറിന് സാധിച്ചില്ല. ഫോര്‍ഡ് ഇന്ത്യക്കൊപ്പം എന്‍ഡവറും ഒടുവില്‍ ഇന്ത്യയില്‍ നിന്നും വിട വാങ്ങുന്നു .


2 ഫോര്‍ഡ് ഇക്കോസ്​പോര്‍ട്ട്​



2013 ജൂണിലാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ വന്നത് . ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യത്തെ കോംപാക്‌ട് എസ്‌യുവികളില്‍ ഒന്നായിരുന്നു ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. സബ് -4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്. ഈ വിഭാഗത്തിലെ കാറുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാക്കിയതും ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് ആണ്. ഈ ജനപ്രിയ മോഡലിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറാണ്. ശ്രേണിയില്‍ അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു ലുക്ക് ഈ സ്‌പെയര്‍ വീലിന്‍റെ സാന്നിധ്യം എക്കോസ്‍പോര്‍ട്ടിന് നല്‍കിയിരുന്നു. ഇന്ത്യയില്‍ ഫോര്‍ഡ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വാഹനമാണ് ഇക്കോസ്‌പോര്‍ട്ട്. ഈ മോഡലിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ്​ മോഡല്‍ പുറത്തിറക്കാനിരിക്കെയായിരുന്നു കമ്പനിയുടെ ഇന്ത്യ ഗുഡ്ബായ്  പറയാനാണ് തീരുമാനം .

3 ഫോര്‍ഡ് ആസ്​പയര്‍



ഫിഗോയുടെ സെഡാന്‍ പതിപ്പായിരുന്നു ആസ്​പയര്‍. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ആസ്​പയറും വാഗ്​ദാനം ചെയ്​തിരുന്നു. സോളിഡ് ബില്‍ഡ് ക്വാളിറ്റിയും വിലക്കുറവുമായിരുന്നു ആസ്​പയറിനെ ആകര്‍ഷകമാക്കിയിരുന്നത്​. മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ തുടങ്ങിയവരായിരുന്നു ആസ്‍പയറിന്‍റെ എതിരാളികള്‍.

4 ഫോര്‍ഡ് ഫിഗോ


ജനപ്രിയ ഹാച്ച്‌ബാക്ക് മോഡലായ ഫിഗോയും ഇനിമുതല്‍ ഇന്ത്യയ്ക്ക് അപ്രാപ്യമാകും. ഫോര്‍ഡി​ന്‍റെ ഹോട്ട്​ സെല്ലിങ്​ ഹാച്ച്‌​ബാക്കായിരുന്നു ഫിഗോ. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്​മിഷനിലും ലഭ്യമായ ഫോര്‍ഡ് ഫിഗോ മികച്ച ഡ്രൈവബിലിറ്റിയുള്ള​ കാര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്​. ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്ബനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച്‌ മെക്‌സികോയിലെത്തിച്ച ഹാച്ച്‌ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിയിരുന്നു.

5 ഫോര്‍ഡ് ഫ്രീസ്റ്റൈല്‍



ഫിഗോക്ക്​ ഫ്രീസ്റ്റൈല്‍ എന്ന ക്രോസ്‌ഓവര്‍ പതിപ്പും ​ഫോര്‍ഡ്​ നല്‍കിയിരുന്നു. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എഞ്ചന്‍ ഓപ്‍ഷനുകളായിരുന്നു വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എഞ്ചിന്‍ 95 bhp കരുത്തും 120 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

6 മഹീന്ദ്ര എക്​സ്​യുവി 500



വില്‍പ്പനക്കുറവോ മറ്റ്​ മോശം പ്രകടനങ്ങളോ അല്ല മഹീന്ദ്രയുടെ ജനപ്രിയ എസ്​.യു.വിയായ എക്​സ്​.യു.വി 50ന്‍റെ നിര്‍ബന്ധിത പിന്‍വാങ്ങലിനുകാരണം. എക്സ്‍യുവി 700 എന്ന കൂടുതല്‍ മെച്ചപ്പെട്ട മോഡല്‍ വന്നതോടെയാണ്​ 500 പിന്മാറുന്നത്​. നിലവില്‍ വാഹനം മഹീന്ദ്ര ഷോറൂമുകളില്‍ ലഭ്യമാണെങ്കിലും, പതിയെ പിന്‍വലിക്കും. അതേസമയം, പിന്നീട് അഞ്ച്​ സീറ്റ്​ മാത്രമുള്ള എസ്​യുവിയുടെ രൂപത്തില്‍ എക്സ്‍യുവി 500 വീണ്ടും നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എക്‌സ്‌യുവി 700നും 300നും ഇടയിലായിരിക്കും ഈ മോഡലിന്‍റെ സ്​ഥാനം. ഹ്യുണ്ടായ് ക്രേറ്റ, ടാറ്റ ഹാരിയര്‍, കിയ സെല്‍റ്റോസ്, എം‌ജി ഹെക്ടര്‍ തുടങ്ങിയ പ്രീമിയം എസ്‌യുവികളായിരിക്കും എതിരാളികള്‍.


7 ടൊയോട്ട യാരിസ്



ടൊയോട്ടയുടെ പ്രീമിയം സെഡാനായ യാരിസും ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞിരിക്കുന്നു. ഒട്ടും ജനപ്രിയമല്ലായിരുന്നു ടൊയോട്ട യാരിസ്​.വിപണിയില്‍ അവതരിപ്പിച്ച്‌​ വെറും മൂന്ന്​ വര്‍ഷത്തിനുള്ളിലാണ്​ യാരിസ്,​ ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്​. ഏഷ്യന്‍ വിപണികളില്‍ കമ്ബനി വില്‍ക്കുന്ന വിയോസിന്‍റെ ഇന്ത്യന്‍ നാമമാണ് യാരിസ് എന്നത്. 2018 ലാണ് ടൊയോട്ട, യാരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങിയ കാലം മുതല്‍ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും നിര്‍മാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ പരിപാലനചെലവ്. വാഹനത്തിന്റെ ഡ്രൈവിങ് പ്രകടനം കൂടി മികച്ചതായതോടെ ഉപഭോക്താക്കള്‍ സംതൃപ്തരായിരുന്നെന്നും ടൊയോട്ട പറയുന്നു. എന്നാല്‍ മൂന്നുവര്‍ഷംകൊണ്ട്​ 19,784 യൂനിറ്റ് മാത്രമാണ് വിറ്റുപോയത്. യാരിസിന് പകരക്കാരനായി മാരുതി സിയാസിന്റെ റീ-ബാഡ്‍ജിംഗ് പതിപ്പ് വിപണിയില്‍ എത്തുമെന്ന് മുമ്ബുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. യാരിസിന് പകരക്കാരനായി ബെല്‍റ്റ എന്ന സിയാസ് റീ ബാഡ്‍ജ് പതിപ്പിന്‍റെ പണിപ്പുരയിലാണ് ടൊയോട്ട.

8 ഹോണ്ട സിവിക്


ജപ്പാനിലും യൂറോപ്പിലുമെല്ലാം വലിയ വിജയം നേടിയ വാഹന മോഡലാണ്​ ഹോണ്ട സിവിക്​. ആദ്യ വരവില്‍ ഇന്ത്യക്കാരുടെ മനസുകവര്‍ന്ന് ഈ വാഹനത്തിന്‍റെ പത്താം തലമുറ 2019ല്‍ ഇന്ത്യയില്‍ എത്തി. എന്നാല്‍ ടൊയോട്ട കൊറോളയും സ്​കോഡ ഒക്​ടാവിയയും ഹ്യൂണ്ടായ്​ എലാന്‍ഡ്രയുമെല്ലാം അരങ്ങുവാഴുന്ന പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ ക്ലച്ചുപിടിക്കാന്‍ ഈ സിവിക്കിന് സാധിച്ചില്ല. കോവിഡ്​ തരംഗത്തിലും കുടുങ്ങിയതോടെ ഗ്രേറ്റര്‍ നോയിഡ പ്ലാന്റില്‍ സിവികുകളുടെ നിര്‍മ്മാണം നിര്‍ത്താനും വില്‍പ്പന രാജ്യത്ത്​ അവസാനിപ്പിക്കാനും ഹോണ്ട തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

9 ഹോണ്ട സിആര്‍വി



മോണോകോക്ക്​ ഷാസിയില്‍ മികച്ച യാത്രാസുഖവുമായി ഹോണ്ട അവതരിപ്പിച്ച വാഹനമായിരുന്നു സി.ആര്‍.വി. എസ്​.യു.വി എന്നതിനേക്കാള്‍ ക്രോസ്​​ ഓവര്‍ എന്നാണ്​ സി.ആര്‍.വിയെ വിളിക്കേണ്ടത്​. വില്‍പ്പനക്കുറവ്​ തന്നെയാണ്​ ഈ മികച്ച വാഹനത്തിനും തിരിച്ചടിയായത്​. യൂറോപ്യന്‍ ഫിറ്റും ഫിനിഷുമെല്ലാം ഉണ്ടായിട്ടും ഇന്ധനക്ഷമതയില്ലായ്​മയും സര്‍വ്വീസ്​ പരാധീനതകളും വിലക്കൂടുതലും സി.ആര്‍.വിക്ക്​ തിരിച്ചടിയായി. ഇതോടെ ഈ വാഹനത്തിന്‍റെ വില്‍പ്പന ഇന്ത്യയില്‍ ഹോണ്ട നിര്‍ത്തലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

10 മഹീന്ദ്ര ആള്‍ട്ടുറാസ് ജി4



മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4യുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്ബനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍​. വില്‍പ്പന ഇല്ലായ്​മയാണ്​ ആള്‍ട്ടുറാസ് ജി4നും​ വിനയായത്​. മഹീന്ദ്രയുടെ ദക്ഷിണ കൊറിയന്‍ പങ്കാളിയായ സാങ്‌യോങ്ങുമായുള്ള സഹകരണം കമ്ബനി അവസാനിപ്പിച്ചതോടെ ഈ വാഹനവും വിപണിയില്‍ നിന്നും അപ്രത്യക്ഷമാകും. സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവി റെക്സ്റ്റണിനെയാണ് അള്‍ട്ടുറാസ് എന്ന പേരില്‍ മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കിയത്. 2016ലെ പാരിസ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച എല്‍ഐവി-2 കണ്‍സെപ്റ്റില്‍ നിന്നും വികസിപ്പിച്ചിരിക്കുന്ന വാഹനം 2017ലാണ് യുകെ വിപണിയിലെത്തിയത്. 2018 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്‍ത് മഹീന്ദ്രയുടെ ചകാന്‍ പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തുന്നത്. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായ വാഹനങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ മഹീന്ദ്ര അള്‍ട്ടുറാസും ഓര്‍മ്മയാകും.

11 ഹ്യുണ്ടായ് ഗ്രാന്‍ഡ് ​ഐ 10



ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു. ഹ്യുണ്ടായ് വാഹന നിരയില്‍ നിന്ന് നിശബ്​ദമായി നീക്കം ചെയ്​ത മോഡലാണ്​ ഗ്രാന്‍ഡ് ​ഐ10. ഹാച്ച്‌​ബാക്കുകളുടെ വിഭാഗത്തില്‍ മാരുതിയോട്​ ഏറ്റുമുട്ടാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളില്‍ ഒന്നായിരുന്നു ഇത്​. ജനുവരിയില്‍, ഗ്രാന്‍ഡ്​ ഐ 10 നിയോസ്​ വരികയും ഗ്രാന്‍ഡ് ഐ 10 പിന്നിലേക്ക്​ മാറ്റപ്പെട്ടു. 81 bhp കരുത്തും 114 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോര്‍ക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്.


0 comments: