2022, മാർച്ച് 13, ഞായറാഴ്‌ച

തോറ്റു തോറ്റ് പഠിച്ച്‌ ഡോക്ടറാകേണ്ട ;ആദ്യവര്‍ഷം രണ്ടിലേറെ പരീക്ഷകളില്‍ തോറ്റാല്‍ അതേ ക്ളാസില്‍ വീണ്ടുമിരുന്ന് പഠിക്കണം

 

സപ്ളിമെന്ററിയായി പരീക്ഷകള്‍ ഒന്നിച്ചെഴുതി ഡോക്ടറാകാമെന്ന് ഇനി മോഹിക്കേണ്ട.ആദ്യവര്‍ഷം രണ്ടിലേറെ പരീക്ഷകളില്‍ തോറ്റാല്‍ അതേ ക്ളാസില്‍ വീണ്ടുമിരുന്ന് പഠിക്കണമെന്ന പുതിയ എം.ബി.ബി.എസ് വ്യവസ്ഥ ആയുര്‍വേദം ഉള്‍പ്പെടെ മറ്റ് മെഡിക്കല്‍ കോഴ്സുകള്‍ക്കും ബാധകമാക്കാന്‍ ആലോചന .

എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വര്‍ഷ ക്ളാസിലേക്ക് പ്രൊമോഷന്‍ നല്‍കുന്നതായിരുന്നു മുന്‍രീതി. സപ്ളിമെന്ററി പരീക്ഷ എഴുതി വിജയിച്ചാല്‍ മതിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം മുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ കമ്മിഷന്‍ ഇതില്‍ മാറ്റം വരുത്തി.അവരുടെ ആദ്യവര്‍ഷ പരീക്ഷ അടുത്തിടെയാണ് കഴിഞ്ഞത്.ഫലം വന്നിട്ടില്ല. രണ്ടിലേറെ വിഷയത്തില്‍ തോറ്റാല്‍ സേ പരീക്ഷ എഴുതി ജയിക്കാന്‍ അവസരം നല്‍കും. ജയിച്ചില്ലെങ്കില്‍ ജൂനിയര്‍ ബാച്ചിനൊപ്പം പഴയ ക്ളാസില്‍ ഒരു വര്‍ഷം വീണ്ടും പഠിക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പരീക്ഷകളിലും ഇത് ബാധകമായേക്കും.

പ്രാപ്തിയുള്ള ഡോക്ടര്‍മാരാവാന്‍ പാഠഭാഗങ്ങള്‍ യഥാസമയം ഉള്‍ക്കൊണ്ട് പഠനം പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുടെ ഭാഗമാണിത്. ബി.ഡി.എസിനും ബി.എസ് സി നഴ്സിംഗിനും നടപ്പാക്കിയിട്ടില്ല.ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ മെഡിക്കല്‍ ബിരുദ കോഴ്സുകളില്‍ നടപ്പാക്കിയേക്കും. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമാകും ആയുഷ് കൗണ്‍സില്‍ തീരുമാനമെടുക്കുക.എം.ബി.ബി.എസ് പഠനത്തിന് ഇംഗ്ളീഷിനൊപ്പം പ്രാദേശികഭാഷയും ഉപയോഗിക്കുന്നത് ഉള്‍പ്പെടെ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണിത്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷം പ്രായോഗികത വിലയിരുത്തി തീരുമാനമെടുക്കും.


1 അഭിപ്രായം: