2025 മേയ് 30, വെള്ളിയാഴ്‌ച

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് 10000/- രൂപ കിട്ടും - Vidyadhan Scholarship 2025- How to Apply





കേരളത്തിലെ പത്താം ക്ലാസ് പാസായ സ്കൂൾ വിദ്യാർത്ഥികൾക്കായി സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നടത്തുന്ന ഒരു സംരംഭമാണ് വിദ്യാധൻ പ്ലസ് 1 സ്കോളർഷിപ്പ് പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം പരമാവധി 10,000 രൂപ ലഭിക്കും.

1999 ൽ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലും കുമാരി ഷിബുലാലും ചേർന്നാണ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സ്ഥാപിച്ചത്. സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സംഭാവന നൽകുന്നതിലൂടെ അവരുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. 

യോഗ്യത

  • കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കണം 
  • 11 അല്ലെങ്കിൽ 12 ക്ലാസുകളിൽ പഠിക്കുന്നവര്‍ 
  • 2025-ൽ കേരളത്തിൽ നിന്ന് SSLC/CBSE പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയിരിക്കണം 
  • അവസാന പരീക്ഷയിൽ ഫുൾ A+ അല്ലെങ്കിൽ A1 ഗ്രേഡ് നേടിയിരിക്കണം 
  • എല്ലാ സ്രോതസ്സുകളിൽ നിന്നും 2 ലക്ഷത്തിൽ കൂടാത്ത കുടുംബ വാർഷിക വരുമാനം ഉണ്ടായിരിക്കണം     

കുറിപ്പ്:- ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള കട്ട്-ഓഫ് മാർക്ക് ഫുൾ A ഗ്രേഡാണ്.


ആനുകൂല്യങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം പരമാവധി 10,000 രൂപ ലഭിക്കും.

ആവശ്യമുള്ള രേഖകൾ

  • വിദ്യാർത്ഥിയുടെ ഫോട്ടോ 
  • പത്താം ക്ലാസ് മാർക്ക് ഷീറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ് 
  • വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ് (റേഷൻ കാർഡുകൾ സ്വീകരിക്കില്ല) 

കുറിപ്പ്:- യഥാർത്ഥ മാർക്ക് ഷീറ്റ് ലഭ്യമല്ലെങ്കിൽ, SSLC/CBSE/ICSE വെബ്സൈറ്റിൽ നിന്ന് ഒരു താൽക്കാലിക/ഓൺലൈൻ മാർക്ക് ഷീറ്റ് അപ്‌ലോഡ് ചെയ്യാവുന്നതാണ്.

സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്ന രീതി 

സരോജിനി ദാമോദരൻ ഫൗണ്ടേഷൻ (SDF) അക്കാദമിക് മെറിറ്റും അപേക്ഷാ വിശദാംശങ്ങളും അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ ഒരു ചെറിയ ഓൺലൈൻ പരീക്ഷ/അഭിമുഖത്തിനായി ക്ഷണിക്കും.

വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് വഴി നേരിട്ട് സൗജന്യമായി അപേക്ഷിക്കാം.


For more details:-

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു:-





എങ്ങനെ അപേക്ഷിക്കാം? 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാം:- 

ഘട്ടം 1: മേൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദ്യാധനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.

ശേഷം വെബ്സൈറ്റിൽ 'Apply for Scholarships' എന്ന ബാനറിന് കീഴെ വിദ്യാധൻ സ്കോളർഷിപ്പിന് ചുവടെയുള്ള 'Apply' ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഘട്ടം 2: അപേക്ഷ നിർദ്ദേശങ്ങൾ വായിച്ചതിനുശേഷം പേജിന്റെ താഴെയുള്ള 'Apply now' എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് അതിൽ ക്ലിക്ക് ചെയ്യുക. 







'രജിസ്റ്റർ' ചെയ്യുന്നതിനായി നിങ്ങളുടെ മുഴുവൻ പേര്, ഇമെയിൽ ഐഡി, ഇവ ആവശ്യമാണ്. പാസ്സ്‌വേർഡ് നിർമ്മിച്ച്
ആവശ്യമായ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകുക. (ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, Gmail/മൊബൈൽ നമ്പർ/ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക) 


ഘട്ടം 3: അപേക്ഷ ആരംഭിക്കാൻ 'രജിസ്റ്റർ' എന്നതിൽ ക്ലിക്ക് ചെയ്യുക. 





ഘട്ടം 4: വിദ്യാധൻ അയച്ച ഇമെയിൽ വഴി രജിസ്ട്രേഷൻ സ്ഥിരീകരിക്കുക. ഇമെയിൽ വഴി വന്നിരിക്കുന്ന ആക്ടിവേഷൻ ലിങ്ക് ക്ലിക്ക് ചെയ്തു വിദ്യാധൻ ലോഗിൻ പേജ് തുറക്കുക.

ഘട്ടം 5: രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 

ഘട്ടം 6: പൂർണ്ണമായ അപേക്ഷാ നിർദ്ദേശങ്ങൾക്കായി വിദ്യാധൻ അക്കൗണ്ടിൽ നിന്നുള്ള 'Help' ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 7: പുതിയ അപേക്ഷ സൃഷ്ടിക്കാൻ 'Apply now' ബട്ടണിൽ ക്ലിക്ക് ചെയ്യുക



ആപ്ലിക്കേഷനിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 'Edit application' എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്

ഘട്ടം 8: ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് സമർപ്പിക്കുക. 




നിരന്തര അപ്ഡേറ്റുകൾക്കും ആശയവിനിമയത്തിനുമായി നിങ്ങളുടെ ഇമെയിൽ പതിവായി സന്ദർശിക്കുക

കുറിപ്പ്:- അപേക്ഷകർ അവരുടെ അപേക്ഷ പൂർണ്ണമായി കണക്കാക്കുന്നതിന് എല്ലാ നിർബന്ധിത രേഖകളും ഒരു ഫോട്ടോയും അപ്‌ലോഡ് ചെയ്തിരിക്കണം.

പ്രധാന തീയതികൾ

അപേക്ഷിക്കേണ്ട അവസാന തീയതി: 22 ജൂൺ 2025

സ്ക്രീനിംഗ് ടെസ്റ്റ്: 20 ജൂലൈ 2025

അഭിമുഖം/പരീക്ഷ തീയതി: 9 ഓഗസ്റ്റ് - 14 സെപ്റ്റംബർ 2025 (താത്കാലിക ഡേറ്റ്)


ബന്ധപ്പെടാനുള്ള വിവരങ്ങൾ


സരോജിനി ദാമോദരൻ ഫൗണ്ടേഷൻ 
678, 11-ാം മെയിൻ റോഡ്, 4-ാം ടി ബ്ലോക്ക് ഈസ്റ്റ്, 4-ാം ബ്ലോക്ക്, ജയനഗർ, 
ബെംഗളൂരു, കർണാടക - 560041 

ഇമെയിൽ ഐഡി: vidyadhan.kerala@sdfoundationindia.com 

ഫോൺ നമ്പർ: (+91) 8068333500



2024 ജൂൺ 22, ശനിയാഴ്‌ച

നീറ്റ് വിവാദം: നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

                                             


           

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. 14 ഹർജികളാണ് വ്യാഴാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ വ്യക്തികത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


കത്തിക്കരിഞ്ഞ ചോദ്യക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി 

നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്നയിലെ വസതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇദ്ദേഹം ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽ നിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്താക്കി.


തലേദിവസം ചോദ്യപ്പേപ്പർ കിട്ടി -അറസ്റ്റിലായ വിദ്യാർഥി

മേയ് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിങ്ങിലായിരുന്ന തന്നോട് അമ്മയുടെ സഹോദരനായ സിക്കന്ദർ യാദവേന്ദു പട്നയിലേക്ക് വരാൻ പറയുകയും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്നും ഉത്തരം മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മേയ് നാലിന് ചോദ്യപ്പേപ്പർ തന്നു. അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു. അതേ ചോദ്യപ്പേപ്പർ തന്നെയായിരുന്നു പരീക്ഷാകേന്ദ്രത്തിലും തനിക്ക് ലഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയാണ് നിതീഷ് കുമാറിനും അമിത് ആനന്ദിനും നൽകിയത്.


തേജസ്വി യാദവിന് പങ്കെന്ന് ബി.ജെ.പി.യും, കെട്ടുകഥയെന്ന് ആർ.ജെ.ഡി.യും 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാവിവാദത്തിൽ രാഷ്ട്രീയപ്പോര്. ബിഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ബി.ജെ.പി.നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപികുന്നത്. ബിഹാറിലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസസൗകര്യം ശരിയാക്കിയത് തേജസ്വിയുടെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ബി.ജെ.പി.യും നിതീഷ് സർക്കാരും കുറ്റക്കാരെ രക്ഷിക്കാനായി കെട്ടുകഥകൾ മെനയുകയാണെന്ന് ആർ.ജെ.ഡി. തിരിച്ചടിച്ചു.

2024 ജൂൺ 21, വെള്ളിയാഴ്‌ച

നീറ്റ് പരീക്ഷ വിവാദം: നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രത്തിനും എൻ.ടി.എക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി.

                                 


ന്യൂഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും കേന്ദ്ര സർക്കാറിനും നോട്ടീസയച്ച് സുപ്രീംകോടതി. വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ക്രമക്കേടുകളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികളിൽ ജൂലൈ എട്ടിനകം തന്നെ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം അംഗീകരിച്ചു. ജൂലൈ എട്ടിന് ഹരജികൾ വീണ്ടും പരിഗണിക്കും.

നിലവിൽനീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. കൂടാതെ പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്നും, മാത്രമല്ല കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഹരജിയും നീറ്റ് കൗൺസലിങ് തടയണമെന്ന് ആവശ്യപെട്ടുള്ള ഒരുകൂട്ടം ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും കോടതി എൻ.ടി.എയെ രൂക്ഷമായി തന്നെ വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി ഉന്നയിച്ചു. ഇപ്പൊൾ ഹരജികളെല്ലാം ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂൺ നാലിനാണ് മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും ചോദ്യപേപ്പർ ചോർന്നെന്നും വ്യാപക പരാതിയുയർന്നു. കൂടാതെ ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.


2024 മേയ് 6, തിങ്കളാഴ്‌ച

രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പി.ജി.

 


കേരള കേന്ദ്ര സർവകലാശാല-കാസർകോട്, വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കേരള കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി. കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) പി.ജി.യില്‍ പങ്കെടുത്തവരാണ് രജിസ്റ്റർചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്.

പ്രോഗ്രാമുകള്‍

  • എം.എ. -ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ്, മലയാളം, കന്നഡ, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, എം.എസ്.ഡബ്ല്യു.
  • എം.എഡ്.
  • എം.എസ്സി. -സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയണ്‍മെന്റല്‍ സയൻസ്, ജീനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി
  • എല്‍എല്‍.എം.
  • മാസ്റ്റർ ഓഫ് പബ്ലിക് ഹെല്‍ത്ത്
  • എം.ബി.എ.-ജനറല്‍ മാനേജ്മെന്റ്, ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ്
  • എം.കോം. എന്നിവയാണ് പ്രോഗ്രാമുകള്‍.
ഓണ്‍ലൈൻ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.cukerala.ac.in കാണുക. അപേക്ഷ മേയ് 10 വരെ. റാങ്ക് ലിസ്റ്റ് 15-ന്. കൂടുതൽ അറിയുന്നതിനായി സന്ദർശിക്കു : admissions@cukerala.ac.in

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ

 


മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്‌ സർക്കാർ. 20 ശതമാനം സീറ്റുകളാണ് മലപ്പുറം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ വർദ്ധിപ്പിക്കുക.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 30 ശതമാനം സീറ്റുകള്‍ സർക്കാർ സ്കൂളുകളില്‍ വർദ്ധിപ്പിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം മലപ്പുറം ജില്ലയില്‍ കുറവാണെന്നും നിരവധി വിദ്യാർത്ഥികള്‍ സീറ്റ് ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും മുൻ വർഷങ്ങളില്‍ പരാതി ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്.

കഴിഞ്ഞ വർഷം സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റ് വർദ്ധനവ് മലപ്പുറം ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരുത്തിയതിന് പുറമേയാണ് ഇപ്പോഴത്തെ വർദ്ധനവ്. സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് ആശ്വാസകരമായ നിലപാടാണ് സർക്കാർ ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

പി. ജി. അപേക്ഷ 10 വരെ

 


കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളില്‍ പി.ജി./എം.ടെക്. കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 10 വരെ നീട്ടി.

50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷകള്‍ admissions.keralauniversity.ac.in/css2024/ എന്ന വെബ്സൈറ്റ് വഴി നല്‍കാം. കൂടുതൽ വിവരങ്ങള്‍ക്ക്: 0471 2308328.